Connect with us

waqf board appointment

മന്ത്രി അബ്ദുർറഹ്മാന്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ജുമുഅക്ക് ശേഷം പള്ളികളിൽ സർക്കാറിനെതിരെ പ്രഭാഷണം നടത്തുമെന്ന മുസ്‌ലിം ലീഗ് പ്രഖ്യാപനം ജിഫ്‌രി മുത്തുക്കോയ തങ്ങൾ തള്ളിയിരുന്നു

Published

|

Last Updated

മലപ്പുറം | വഖ്ഫ് ബോർഡ് നിയമന വിവാദങ്ങൾക്കിടെ വഖ്ഫിന്റെ ചുമതലയുള്ള മന്ത്രി വി അബ്ദുർറഹ്മാന്‍ സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ജുമുഅക്ക് ശേഷം പള്ളികളിൽ സർക്കാറിനെതിരെ പ്രഭാഷണം നടത്തുമെന്ന മുസ്‌ലിം ലീഗ് പ്രഖ്യാപനം ജിഫ്‌രി മുത്തുക്കോയ തങ്ങൾ തള്ളിയിരുന്നു.

രാഷ്്ട്രീയപ്രേരിതമായി മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച ഈ പ്രഖ്യാപനം കേരളത്തിലെ സമാധാനാന്തരീക്ഷം തകരുന്നതിന് ഇടവരുത്തുമെന്ന് ആശങ്ക ഉയർന്നിരുന്നുവെന്നും അത് ഒഴിവാക്കുന്നതിനുള്ള വിവേക പൂർണമായ സമീപനം സ്വീകരിച്ച മുത്തുക്കോയ തങ്ങളെ നേരിട്ട് അഭിനന്ദിക്കുക കൂടിയായിരുന്നു സന്ദർശന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു.

നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശ്യം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സമീപനം സർക്കാറിനില്ലെന്നും മന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു. വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് തങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. കൊണ്ടോട്ടി മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്‌സിലാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.

അരമണിക്കൂറോളം മന്ത്രി തങ്ങളുമായി സംസാരിച്ചു. വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ മുസ്്ലിം ലീഗും ഇ കെ വിഭാഗം സമസ്തയും നിലവിൽ രണ്ട് തട്ടിലാണുള്ളത്. ഈ സാഹചര്യത്തിൽ മന്ത്രിയും ജിഫ്‌രി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.

Latest