Connect with us

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച ചെയ്ത് മന്ത്രി; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍

ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്നും 18 ആയി ഉയര്‍ത്തുന്നതടക്കമുള്ള വിട്ടുവീഴ്ചകള്‍ക്ക് മന്ത്രി തയ്യാറായതോടെയാണ് സമരത്തില്‍ നിന്നും പിന്‍മാറാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമതി തയ്യാറായത്.

Published

|

Last Updated

തിരുവനന്തപുരം |  ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പമന്ത്രി കെ ബി ഗണേഷ് കുമാറുമായി സമരസമതി നടത്തിയ ചര്‍ച്ചക്കൊടവിലാണ് തീരുമാനം. ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്നും 18 ആയി ഉയര്‍ത്തുന്നതടക്കമുള്ള വിട്ടുവീഴ്ചകള്‍ക്ക് മന്ത്രി തയ്യാറായതോടെയാണ് സമരത്തില്‍ നിന്നും പിന്‍മാറാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമതി തയ്യാറായത്.

ഇതിന് പുറമെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ടെസ്റ്റ് നടത്താനും തീരുമാനമായി. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. ഓരോ ആര്‍ടിഒ ഓഫീസിലും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോഗിക്കാനും അനുമതിയായി. അതേ സമയം, ടെസ്റ്റിന് എം 80 വാഹനം ഉപയോഗിക്കാനാവില്ല. ലേണേഴ്‌സ് ടെസ്റ്റിന്റെ കാലാവധി ആറു മാസമെന്നത് ചെറിയ ഫീസ് നല്‍കി ദീര്‍ഘിപ്പിക്കാനും ആവുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് പഠനത്തിനുള്ള ഫീസ് ഏകീകരിക്കുന്നത് പഠിക്കാനായി കമ്മിറ്റിയെ നിയോഗിക്കും. എച്ച് ടെസ്റ്റിന് ബദലായുള്ള മാതൃകകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 


  -->