Ongoing News
കേന്ദ്രം കേരളത്തിനുള്ള ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കുന്നില്ല; വരാനിരിക്കുന്നത് ഗുരുതര പ്രതിസന്ധി: മന്ത്രി ജി ആര്‍ അനില്‍
അടുത്തമാസം മുതല്‍ ഒരു മണി കൊടുക്കാനുണ്ടാവില്ല. ഗുരുതരമായ പ്രതിസന്ധിവരാന്‍ പോവുകയാണ്. ഇത്തരത്തില്‍ അരിയിലും കേന്ദ്രം നിലപാട് സ്വീകരിച്ചാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും മന്ത്രി
അബൂദബി | കേരളം സംയുക്തമായി അഭ്യർത്ഥിച്ചിട്ടും വെട്ടിക്കുറച്ച കേരളത്തിന്റെ ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി. ആര്‍ അനില്‍ പറഞ്ഞു. കേരളത്തിന്റെ അഭ്യർത്ഥനാമനിച്ചു വെട്ടിക്കുറച്ച ഗോതമ്പ് പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അബൂദബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നല്‍കുന്ന സുഗന്ധവ്യഞ്ജനങ്ങളിലൂടെ കേന്ദ്രത്തിന് വിദേശ നാണ്യം നന്നായി ലഭിക്കുന്നുണ്ട്. പകരമായിട്ടാണ് ഗോതമ്പും, പഞ്ചസാരയും അരിയും മണ്ണെണ്ണയും തന്നുകൊണ്ടിരുന്നത്. ഗോതമ്പിന്റെ ലഭ്യതക്കുറവാണ് വെട്ടിക്കുറക്കാന്‍ കാരണമെന്നു പറയുന്നു. പക്ഷേ, കേരളം കേന്ദ്രത്തെയല്ലാതെ വേറെയാരെയാണ് ആശ്രയിക്കുന്നത്. സ്റ്റോക്ക് ഉള്ളതുകൊണ്ടാണ് നിലവില്‍ കൊടുത്തുവരുന്നത്. അടുത്തമാസം മുതല്‍ ഒരു മണി കൊടുക്കാനുണ്ടാവില്ല. ഗുരുതരമായ പ്രതിസന്ധിവരാന്‍ പോവുകയാണ്. ഇത്തരത്തില്‍ അരിയിലും കേന്ദ്രം നിലപാട് സ്വീകരിച്ചാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോതമ്പിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുകയാണ്. മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പാണ് സ്റ്റോക്കിരിക്കുന്നത്. മുന്‍ഗണനേതര വിഭാഗത്തിനായി ഇത് കൊടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ അടുത്ത മന്ത്രിസഭാ യോഗത്തിൽ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്നും സഹകരണ സഥാപനങ്ങളിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ സമാഹരിച്ചു കൂടുതൽ വിപണി കണ്ടെത്തും. ശബരി ചായക്ക് പിറകെ കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളും അന്തരാഷ്ട്ര വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.