Connect with us

From the print

മദ്റസകള്‍ക്ക് പണം നല്‍കുന്നുവെന്നത് നിര്‍മിത നുണയെന്ന് മന്ത്രി പി രാജീവ്

നാല് ബില്ലുകള്‍ നിയമസഭ പാസ്സാക്കി.

Published

|

Last Updated

തിരുവനന്തപുരം | മതധ്രുവീകരണത്തിനും വര്‍ഗീയവത്കരണത്തിനും എന്തെല്ലാം ഉപയോഗിക്കാനാകുമെന്ന് നോക്കുന്നവരെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മന്ത്രി പി രാജീവ്. മദ്റസകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്നതും ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്നതും നിര്‍മിച്ചെടുക്കുന്ന നുണകളാണ്. ഇന്നലെ നിയമസഭ പരിഗണിച്ച ബില്ലുകളുടെ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു വ്യവസായ മന്ത്രി.

പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്ല്-2024, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍(ചില കോര്‍പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതല്‍ പ്രവൃത്തികള്‍) ഭേദഗതി ബില്ല്- 2024, കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാല ഭേദഗതിബില്ല്- 2023, കേരള കന്നുകാലി പ്രജനന ബില്‍- 2023 എന്നീ ബില്ലുകളാണ് നിയമസഭ ഇന്നലെ പാസ്സാക്കിത്.

സഭാ സബ്ജക്ട് കമ്മിറ്റി റിപോര്‍ട്ട് ചെയ്ത ബില്ലുകളാണ് ചര്‍ച്ചക്കും ഭേദഗതികള്‍ക്കുമൊടുവില്‍ നിയമസഭ പാസ്സാക്കിയത്. പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. അതുമായി പ്രതിപക്ഷം സഹകരിക്കണം. പ്രവാസി ക്ഷേമമാണ് സര്‍ക്കാറിന്റെ മുഖമുദ്ര. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്ന പി എസ് സി കേരളത്തിലാണെന്നും വ്യവസായ മന്ത്രി മറുപടി നല്‍കി.

പരമാവധി ഒഴിവുകള്‍ പി എസ് സിക്ക് വിടുകയാണ് ലക്ഷ്യം. വിദ്യാസമ്പന്നര്‍ക്ക് അര്‍ഹമായ തൊഴില്‍ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഹരജികള്‍ സംബന്ധിച്ച ആന്റണി രാജു അധ്യക്ഷനായ സമിതിയുടെ നാലാമത് റിപോര്‍ട്ട്, എം എം മണി അധ്യക്ഷനായ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ മുപ്പത്തിയഞ്ചും മുപ്പത്തിയാറും റിപോര്‍ട്ടുകള്‍, കെ വി സുമേഷ് അധ്യക്ഷനായ യുവജന ക്ഷേമവും യുവജനകാര്യവും കമ്മിറ്റിയുടെ അഞ്ചാമത് റിപോര്‍ട്ടും സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു.

 

Latest