Kerala
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് മന്ത്രി ആര്‍ ബിന്ദു
എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ താന്‍ ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി
കണ്ണൂര്‍| കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ താന്‍ ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി വിശദീകരിച്ചു.
ശുപാര്‍ശയില്‍ തീരുമാനമെടുത്തത് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറാണ്. വിസിയുടെ നിയമനം ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണ്. ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും നിരീക്ഷിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നുമാണ് കോടതി നിരീക്ഷണം.