Kerala
സിനിമയും വെബ് സീരീസും സമൂഹത്തില്‍ ദുസ്സ്വാധീനം ചെലുത്തുന്നുവെന്ന് മന്ത്രി രാജേഷ്
ലഹരിക്കെതിരായ ജനകീയ പ്രസ്ഥാനത്തിന് കേരളം തുടക്കം കുറിക്കും

തിരുവനന്തപുരം | സിനിമയും വെബ് സീരീസും സമൂഹത്തില്‍ ദുസ്സ്വാധീനം ചെലുത്തുന്നുവെന്ന് തദ്ദേശ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കൗമാരക്കാരില്‍ വയലന്‍സ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്ന സംസ്‌കാരത്തിന് സിനിമക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലന്‍സ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്ത കാലത്ത് ഇറങ്ങിയത്. വയലന്‍സിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്.
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീര്‍ക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എക്‌സൈസ് സേന ഇന്ത്യയിലെ തന്നെ മികച്ചതാണ്. നിരവധി വെല്ലുവിളികളാണ് കേരളം നേരിടുന്നത്. മുമ്പ് അബ്കാരി കേസുകളായിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ സ്ഥിതി മാറി. ലഹരിക്കെതിരായ വലിയ ഇടപെടല്‍ കേരള സേനക്കല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനില്ല. ഇരകളായവരെ കൈപിടിച്ചു കയറ്റാന്‍ സഹായഹസ്തം നല്‍കുന്ന സേന കൂടിയാണ് കേരള എക്‌സൈസ്. ലഹരിയില്‍ നിന്ന് ഇരകളെ പുറത്തുകൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതുവരെ ഏറ്റെടുത്തതിനെക്കാള്‍ അതിവിപുലമായി ലഹരിക്കെതിരായ ജനകീയ പ്രസ്ഥാനത്തിന് കേരളം തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.