Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തുമെന്ന പ്രഖ്യാപനം; തമിഴ്നാടിനെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍
എന്തടിസ്ഥാനത്തിലാണ് ജലനിരപ്പ് ഉയര്‍ത്തുമെന്ന രീതിയിലുള്ള പ്രതികരണമെന്ന് വ്യക്തമല്ലെന്ന് മന്ത്രി
കോട്ടയം| മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിൻ്റെ പ്രസ്താവനക്കെതിരെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ എന്ത് അടിസ്ഥാനത്തിലാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന രീതിയില്‍ തമിഴ്‌നാട് പ്രതികരിച്ചതെന്ന് വ്യക്തമല്ലെന്ന് മന്ത്രി പറഞ്ഞു.
142 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നായിരുന്നു തമിഴ്‌നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയസാമിയുടെ പ്രഖ്യാപനം. ജലനിരപ്പ് ഉയര്‍ത്തുമെന്നും തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞിരുന്നു. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.