Kerala
'കീം' ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ: വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവരെയും നന്ദി അറിയിച്ച് മന്ത്രി
സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ചരിത്രവിജയമാണെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു.

തിരുവനന്തപുരം | ‘കീം’ എന്‍ജിനിയറിങ്, ഫാര്‍മസി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവരെയും നന്ദിയും അനുമോദനവും അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. സംസ്ഥാനത്ത് ആദ്യമായി നടത്തിയ ‘കീം’ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ചരിത്രവിജയമായതായും മന്ത്രി പറഞ്ഞു. പരീക്ഷാഫലം താമസം കൂടാതെ പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
സുഗമമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ വലിയ പിന്തുണ നല്‍കിയ കൊളീജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റ്, സോഫ്റ്റ്വെയര്‍ തയ്യാറാക്കിയ സി-ഡിറ്റ്, പരീക്ഷാ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും സംവിധാനിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍, പരീക്ഷാര്‍ഥികള്‍ക്കായി പ്രതേക സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി, മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം അധിക കോച്ച് അനുവദിച്ച റെയില്‍വേ, വിവരങ്ങള്‍ യഥാക്രമം നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ജൂണ്‍ അഞ്ചു മുതല്‍ പത്തുവരെ ആറു ദിവസങ്ങളിലായാണ് കീം ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ നടന്നത്. 79,044 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. അഞ്ചു മുതല്‍ ഒമ്പതു വരെ എന്‍ജിനീയറിങ് പരീക്ഷയും 10ന് ഫാര്‍മസി പരീക്ഷയുമായിരുന്നു. സംസ്ഥാനത്ത് ഇത്രയും വിപുലമായ രീതിയില്‍ ആദ്യമായാണ് ഇത്തരമൊരു പരീക്ഷ നടക്കുന്നത്. ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് എഴുതാന്‍ സൗകര്യം ഒരുക്കിയിരുന്നു.