focus area
ഇനിയൊരു പരീക്ഷയിലും ഫോക്കസ് ഏരിയകള്‍ നല്‍കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളുടെ ബൗദ്ധികവും ആരോഗ്യകരവുമായ വളര്‍ച്ചക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോന്നി | സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇനിയുള്ള ഒരു പരീക്ഷയിലും ഫോക്കസ് ഏരിയകള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ മാത്രമേ മത്സര ഓട്ടത്തില്‍ മുന്നിലെത്തൂ. വിദ്യാര്‍ഥികളുടെ ബൗദ്ധികവും ആരോഗ്യകരവുമായ വളര്‍ച്ചക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ യു ജനീഷ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയായിരുന്നു.
പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി പുഷ്പവല്ലി, ഷീലാകുമാരി, ചന്ദ്രിക സുനില്‍, എന്‍ നവനീത് പങ്കെടുത്തു.