Connect with us

Kerala

മന്ത്രി വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയ നടപടി; വിശദീകരണം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

മന്ത്രിയുടെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ സിപിഎം ഇടപെട്ട് മാറ്റിയതെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. നടപടി സംഘടനാ ക്രമീകരണമാണെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. കൊല്ലം ജില്ലാസെക്രട്ടറിയേറ്റിലെ മൂന്ന് പേര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ജോര്‍ജ് മാത്യുവിനോട് തിരികെ സംഘടനാ രംഗത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നും സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രണ്ട് ദിവസം മുന്‍പാണ് മന്ത്രി വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യുവിനെ മാറ്റിയത്. മന്ത്രിയുടെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ സിപിഎം ഇടപെട്ട് മാറ്റിയതെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ നടപടി സംഘടനാ ചുമതലയുടെ ഭാഗമായാണെന്ന് സിപിഎം നേതാക്കള്‍ അനൗദ്യോഗികമായി പറഞ്ഞിരുന്നു. ജോര്‍ജ്ജ് മാത്യു കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ജോര്‍ജ്ജ് മാത്യുവിന്റെ അസാന്നിധ്യത്തില്‍ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ മാത്തുക്കുട്ടിക്കാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.