Kerala
സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീത്; മന്ത്രി വീണാ ജോര്‍ജ്
ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി

തിരുവനന്തപുരം| വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
ലൈംഗിക അധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. നടി ഹണി റോസിനെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇപ്പോഴും ആവര്‍ത്തിച്ചു പറയുകയാണ് ബോബി. ബോബി നടത്തിയ സമാനമായ പരാമര്‍ശങ്ങള്‍, ഡിജിറ്റല്‍ തെളിവായി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിയുടെ ഐ ഫോണും കൈമാറും.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റില്‍ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് ഹണി റോസ് വ്യക്തമാക്കി. തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറുമെന്ന് ഹണി പറഞ്ഞു.