Connect with us

cooperative bank

സഹകരണ ബേങ്ക് വായ്പ പലിശ വര്‍ധന ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം

പരമാവധി പലിശ നിരക്ക് ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സഹകരണ സ്ഥാപനങ്ങളിലെ വായ്പ പലിശ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിതല യോഗം ഇന്ന് നടക്കും. നിലവിലുള്ള പരമാവധി പലിശ നിരക്കായ 8.50 ശതമാനത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്ന സഹകരണ സ്ഥാപനങ്ങളുടെ ആവശ്യമാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

പലിശ നിരക്ക് ഒമ്പത് മുതല്‍ 9.50 ശതമാനം വരെയായി വര്‍ധിപ്പിക്കണമെന്നാണ് സഹകരണ ബേങ്കുകള്‍ സര്‍ക്കാറിന് മുന്നില്‍ വെച്ചിരിക്കുന്ന ആവശ്യം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് വരെ ധനസമാഹരണത്തിന് വിവിധ സ്ഥാപനങ്ങള്‍ സഹകരണ കണ്‍സോഷ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് സഹകരണ ബേങ്കുകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
സഹകരണ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ 8.75 ശതമാനം വരെയാക്കി ഉയര്‍ത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ വായ്പക്ക് ഈടാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്ഥാപനങ്ങള്‍ ധനവകുപ്പിനെ സമീപിച്ചിരിക്കുന്നത്. സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണ കമ്പനിക്ക് 20,000 കോടിയാണ് സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് പ്രതിമാസം 70 കോടി രൂപ നല്‍കുന്നതും സഹകരണ സ്ഥാപനങ്ങളാണ്. എന്നാല്‍ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം മാത്രം ഇനി പെന്‍ഷന്‍ ഫണ്ട് നല്‍കിയാല്‍ മതിയെന്നാണ് കണ്‍സോർഷ്യം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കൊച്ചി മെട്രോ മുതല്‍ വിഴിഞ്ഞം പദ്ധതിക്ക് വരെ സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ കടമെടുക്കാനിരിക്കെ പലിശ നിരക്ക് വര്‍ധന കാര്യത്തില്‍ ധനവകുപ്പിന്റെ തീരുമാനം ഏറെ നിര്‍ണായകമാകും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള 2.50 ലക്ഷം കോടി നിക്ഷേപം വിവിധ വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത്. എന്നാൽ, പരമാവധി പലിശ നിരക്ക് ചുരുങ്ങിയത് ഒരു ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണ് സഹകരണ സ്ഥാപനങ്ങളുടെ പ്രതീക്ഷ.

Latest