Connect with us

National

മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല; അമിത് ഷാക്ക് കത്തെഴുതി മിസോറാം മുഖ്യമന്ത്രി

കേന്ദ്രം പുതുതായി നിയമിച്ച രേണു ശര്‍മക്ക് പകരം അഡിഷണല്‍ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

Published

|

Last Updated

ഗുവാഹത്തി| സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി മിസോറാം മുഖ്യമന്ത്രി. മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ സംസ്ഥാനത്ത് നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി സോറാംതംഗ അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി മാത്രമല്ല, ഇംഗ്ലീഷും അറിയില്ലെന്നും കത്തില്‍ പറയുന്നു. കേന്ദ്രം പുതുതായി നിയമിച്ച രേണു ശര്‍മക്ക് പകരം അഡിഷണല്‍ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന ലാല്‍നുന്‍മാവിയ ചോംഗോ വിരമിച്ച ഒഴിവിലാണ് കേന്ദ്ര സര്‍ക്കാര്‍ രേണു ശര്‍മയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രേണു ശര്‍മ. നവംബര്‍ ഒന്നിനാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായി ചാര്‍ജെടുത്തത്. അതേ ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി രാംതംഗയെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. നിലവില്‍ മിസോറാമില്‍ രണ്ടു ചീഫ് സെക്രട്ടറിമാരുണ്ട്.

ഭൂരിഭാഗം മിസോകള്‍ക്കും ഹിന്ദി അറിയില്ല. കാബിനറ്റ് മന്ത്രിമാര്‍ക്കൊന്നും ഇംഗ്ലീഷും അറിയില്ല. ഈ സാഹചര്യത്തില്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയുമൊത്ത് ജോലി ചെയ്യുന്നത് എല്ലാവര്‍ക്കും അസൗകര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.