National
ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം
സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുകയും കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി | ഇന്ത്യയുടെ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാകിസ്ഥാന്‍ പ്രദേശത്ത് പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പതിവ് അറ്റക്കുറ്റപ്പണികള്‍ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകസ്മികമായാണ് മിസൈല്‍ തൊടുക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് ഒന്‍പതിനായിരുന്നു സംഭവം.
സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുകയും കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അബദ്ധത്തില്‍ സംഭവിച്ച ഈ വെടിവെപ്പില്‍ ആളപായമൊന്നും ഉണ്ടായില്ലെന്നത് ആശ്വസകരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡിജി മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ വ്യാഴാഴ്ച വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ വീണതായി വെളിപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് 6.43നാണ് ഇന്ത്യന്‍ ഭാഗത്ത് നിന്ന് മിസെെൽ പാക് വ്യോമാതിര്‍ത്തിയില്‍ എത്തിയതെന്ന് ബാര്‍ബര്‍ വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈലിനെ തടഞ്ഞുവെന്നും അത് മിയാന്‍ ചന്നു മേഖലയില്‍ വീണുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മിസൈല്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലെത്താന്‍ 3 മിനിറ്റ് എടുത്തു. ആകെ 124 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. 6.50ഓടെയാണ് തകര്‍ന്നത്. ചില വീടുകള്‍ക്കും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്ത്യയിലെ സിര്‍സയില്‍ നിന്നാണ് ഈ മിസൈല്‍ വിക്ഷേപിച്ചതെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. സംഭവം ഗൗരവമായി കാണുന്നുവെന്നും വിഷയത്തില്‍ നേരിട്ട് മറുപടി നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.