Ongoing News
ഹജ്ജ് സുരക്ഷാ പദ്ധതികളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഹാജിമാരെല്ലാം സുരക്ഷിതര്‍. ആശുപ്രതികളില്‍ കഴിയുന്ന രോഗികളടക്കമുള്ള എല്ലാ തീര്‍ഥാടകരെയും അറഫയിലെത്തിച്ചു.
അറഫ | ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കെത്തിയ മുഴുവന്‍ ഹാജിമാരും സുരക്ഷിതരാണെന്നും, ആശുപ്രതികളില്‍ കഴിയുന്ന രോഗികളടക്കമുള്ള എല്ലാ തീര്‍ഥാടകരെയും അറഫയിലെത്തിക്കാന്‍ കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍-ഷല്‍ഹൂബ് മക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അയ്യാമു തശ്രീഖിന്റെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യസ്ഥലങ്ങളില്‍ റോഡുകളില്‍ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം നിയന്ത്രിക്കുക, തീര്‍ഥാടകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള റോഡുകളിലൂടെയുള്ള കാല്‍നട യാത്രകള്‍ സുരക്ഷിതമാക്കുക, ഷട്ടില്‍ സര്‍വീസ് വഴി തീര്‍ഥാടകരെ എത്തിക്കുക, അറഫാത്ത്, മുസ്ദലിഫ, മിന എന്നിവിടങ്ങളിലെ മഷെര്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കുക, മുസ്ദലിഫയില്‍ നിന്ന് മിനയിലേക്കുള്ള റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുക തുടങ്ങിയ സേവനങ്ങള്‍ക്കായി ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ത്വവാഫ് അല്‍-ഇഫാദ നിര്‍വഹിക്കുന്നതിനായി മക്കയിലെ മസ്ജിദുല്‍ ഹറമിലെ തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും വക്താവ് പറഞ്ഞു.