Connect with us

Editorial

മന്ത്രിസഭ ജനമധ്യത്തിലേക്ക്

ഓരോ മണ്ഡലത്തിലെയും നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ഔപചാരിക ചടങ്ങുകളും മന്ത്രിമാരുടെ പ്രസംഗങ്ങളും കഴിഞ്ഞാൽ പൊതുജനങ്ങളുമായി സംവദിക്കാൻ എത്ര സമയം ലഭിക്കും? എത്ര പേരുമായി സംവദിക്കാനാകും? ആദ്യ ദിവസങ്ങളിലെ അനുഭവം മുൻ നിർത്തി സദസ്സിന്റെ സമയക്രമത്തിൽ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്.

Published

|

Last Updated

പിണറായി സർക്കാറിന്റെ അഞ്ചാഴ്ച നീണ്ടുനിൽക്കുന്ന നവകേരള സദസ്സിന് ഇന്നലെ തുടക്കമായി. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെകട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളും അടങ്ങുന്ന സർക്കാർ സംവിധാനം നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതാണ് പരിപാടി. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണിത് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാറിന്റെ വിവിധ വികസന പദ്ധതികളും നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയും സർക്കാർ നയങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയുമാണ് ലക്ഷ്യം. ജനാധിപത്യത്തിന്റെ അർഥതലങ്ങൾ സമ്പൂർണതയിലെത്തിക്കാനുള്ള പരിപാടിയെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഓരോ നിയോജക മണ്ഡലത്തിൽ നിന്നുമുള്ള ജനങ്ങളുടെ നിർദേശങ്ങൾക്കനുസൃതമാണ് നവകേരള പദ്ധതിക്കു അടിത്തറ പാകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ ജനസമ്പർക്ക പരിപാടിയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. ഉമ്മൻ ചാണ്ടിയെ ജനകീയനാക്കിയ ജനസമ്പർക്ക പരിപാടിയായിരിക്കാം നവകേരള സദസ്സിനു പ്രചോദനവും. കാറിനു പകരം പ്രത്യേകം തയ്യാറാക്കിയ ബസ്സിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയെന്നതും യാത്രക്കിടെ സെകട്ടേറിയറ്റിനു പുറത്ത് മന്ത്രിസഭാ യോഗങ്ങൾ ചേരുമെന്നതും നവകേരള സദസ്സിന്റെ പ്രത്യേകതയാണ്. നവംബർ 22ന് തലശ്ശേരിയിലും 28നു മലപ്പുറം വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് ഇടുക്കി പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭാ യോഗങ്ങൾ നടക്കുന്നത്. യാത്രക്കിടെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തുന്നുണ്ട.് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നതും അവരുമായി സംവദിക്കുന്നതും ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ആശയങ്ങളും പ്രശ്‌നങ്ങളും നേരിട്ടറിയാൻ ശ്രമിക്കുന്നതും സ്വാഗതാർഹമാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ. ജനങ്ങളുടെ ജീവിത സ്പന്ദനം നേരിട്ടറിയാനും തദടിസ്ഥാനത്തിൽ ഭരണചക്രം തിരിക്കാനുമുള്ള ബാധ്യതയും അവർക്കുണ്ട്.
പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകളുണ്ട് നവകേരളസദസ്സുകളിൽ. സദസ്സ് ആരംഭിക്കുന്നതിനു മുമ്പും അത് കഴിഞ്ഞതിനു ശേഷവും പ്രവർത്തിക്കുന്ന കൗണ്ടറുകൾ മുഴുവൻ പരാതികളും സ്വീകരിച്ച ശേഷമേ അടയ്ക്കുകയുള്ളൂ. പരാതികൾ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കുള്ളിലും കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി നാലാഴ്ചക്കുള്ളിലും തീർപ്പാക്കി വിശദമായ മറുപടി നൽകി പോർട്ടലിൽ അപ‌്ലോഡ് ചെയ്യണമെന്നാണ് നിർദേശിക്കപ്പെട്ടത്. എന്തെങ്കിലും ഒരു കാര്യം സാധിക്കാനോ, രേഖ കൈപ്പറ്റാനോ പൊതു ജനത്തിനു സർക്കാർ ഓഫീസുകൾ നിരവധി തവണ കയറിയിറങ്ങേണ്ട അവസ്ഥയാണിന്ന്. 2016ൽ പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റയുടനെ ഫയലുകൾ വെച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ പ്രവണതയെ രൂക്ഷമായി വിമർശിക്കുകയും സമയബന്ധിതമായി ഫയലുകൾ നീക്കണമെന്നു കർശന നിർദേശം നൽകുകയും ചെയ്തിരുന്നെങ്കിലും കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാകട്ടെ നാളുകൾ ചെല്ലുന്തോറും സാധാരണക്കാർക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയുമാണ്. ഇത്തരമൊരവസ്ഥയിൽ പൊതുസമൂഹത്തിനു വലിയൊരു അനുഗ്രഹമാണ് നവകേരള സദസ്സ് പോലുള്ള പരിപാടികൾ.

അതേസമയം ദശലക്ഷക്കണക്കിനു വരുന്ന ഉദ്യോഗസ്ഥരുൾക്കൊള്ളുന്ന സിവിൽ സർവീസുണ്ട് സംസ്ഥാനത്ത്. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ള സംസ്ഥാനമാണ് കേരളം. റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തോളം ചെലവിട്ടു ഇവരെ തീറ്റിപ്പോറ്റുന്നത് സർക്കാർ സേവനം യഥാസമയം ജനങ്ങളിലേക്കെത്തിക്കാനാണ്. ഭരണകൂടത്തിന്റെ നയവും ശൈലിയും തന്റേടവും അനുസരിച്ചാണ് സിവിൽ സർവീസ് ചലിക്കുന്നത്. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു സിവിൽ സർവീസിനെ ഉപയോഗപ്പെടുത്തി ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാനാകും. അത് സാധ്യമാകുന്നില്ലെങ്കിൽ, അഥവാ ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനമാകെ ചുറ്റേണ്ട സ്ഥിതി വരികയാണെങ്കിൽ അത് സിവിൽ സർവീസിന്റെ മാത്രമല്ല, ഭരണകൂടത്തിന്റെ കൂടി പോരായ്മയായി കാണേണ്ടതുണ്ട്.

വലിയൊരു ലക്ഷ്യമാണ് നവകേരള സദസ്സിലൂടെ സർക്കാർ മുൻവെക്കുന്നത്. സർക്കാർ സേവനങ്ങൾക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സർക്കാർ സംവിധാനം നേരിട്ടു വരികയാണ്. സംസ്ഥാനത്തെന്നല്ല, രാജ്യത്ത് തന്നെ ആദ്യമാണ് ഇത്തരമൊരു പരിപാടി. അതേസമയം, ഓരോ മണ്ഡലത്തിനും നീക്കി വെച്ച സമയം പരിമിതമാണ്. 37 ദിവസമാണ് 140 മണ്ഡലങ്ങളിലെ പര്യടനത്തിനു നീക്കി വെച്ചത്. ഒരു ദിവസം നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തണം. രാവിലെ 11, ഉച്ചക്ക് ശേഷം 3,00, 4.30, വൈകിട്ട് ആറ് എന്നിങ്ങനെയാണ് സദസ്സുകൾ സജ്ജീകരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ഔപചാരിക ചടങ്ങുകളും മന്ത്രിമാരുടെയും മറ്റും പ്രസംഗങ്ങളും കഴിഞ്ഞാൽ പൊതുജനങ്ങളുമായി സംവദിക്കാൻ മന്ത്രിമാർക്ക് എത്രസമയം ലഭിക്കും? എത്ര പേരുമായി സംവദിക്കാനാകും? ആദ്യ ദിവസങ്ങളിലെ അനുഭവം മുൻ നിർത്തി സദസ്സിന്റെ സമയക്രമത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്.