National
ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി; എട്ട് വയസുകാരി മരിച്ചു
ഗുരുതരമായി പരിക്കേറ്റ 12കാരിയെ പട്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു.
പട്‌ന| ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി. എട്ടും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പട്‌നയിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് സംഭവം. എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ 12കാരിയെ പട്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫുല്‍വാരി ഷെരീഫ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. ചൊവ്വാഴ്ച എട്ടുവയസുകാരിയുടെ മൃതദേഹം ഒരു കുഴിയില്‍ നിന്ന് പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് 12കാരി പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.