Connect with us

From the print

സൂക്ഷ്മ ന്യൂനപക്ഷങ്ങളെക്കുറിച്ച് വിശദ പഠനത്തിന് ന്യൂനപക്ഷ കമ്മീഷൻ

14 ജില്ലകൾ കേന്ദ്രീകരിച്ച് പഠനം നടത്തി 72 ദിവസം കൊണ്ട് റിപോർട്ട് നൽകും

Published

|

Last Updated

കൊച്ചി | സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, മറ്റ് സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ഒപ്പം ഈ വിഭാഗത്തിൽപ്പെട്ടവരുടെ വിവരശേഖരണം നടത്തുന്നതിനും ആളുകളുടെ എണ്ണം കണക്കാക്കുന്നതിനും കേരള മീഡിയ അക്കാദമിയുമായി ചേർന്ന് സർവേ നടത്താനും കമ്മീഷൻ തീരുമാനിച്ചു. 14 ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തി 72 ദിവസം കൊണ്ട് അക്കാദമി റിപോർട്ട് നൽകുമെന്നും ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ് പറഞ്ഞു.
ഭൂരിപക്ഷം വരുന്ന സൂക്ഷ്മ ന്യൂനപക്ഷങ്ങൾ അധികം പാലക്കാട്, വയനാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്. പല ഭാഗങ്ങളിലായി നിൽക്കുന്ന ഇവരെ ഒന്നിച്ചുനിർത്തി ഒരുമയോടെയും ആത്മവിശ്വാസത്തോടെയും പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്. ഇവരുടെ ആരാധനാലയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പല ഭാഗത്തായി കിടക്കുന്ന ആളുകളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഇത്തരമൊരു കൂട്ടായ്മക്ക് ആനുകാലിക കേരളത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അവകാശ സംരക്ഷണങ്ങളെ കുറിച്ച് ഇവർ ഒറ്റയ്ക്കായി പറയുന്ന കാര്യങ്ങൾ ഒരു പൊതുഇടത്തിൽ വന്ന് അവതരിപ്പിക്കാൻ അവസരവും ഇതിലൂടെ ലഭിക്കുന്നുവെന്നും ചെയർമാൻ പറഞ്ഞു.
14 ജില്ലകളിലും കമ്മീഷന്റെ മൂന്ന് അംഗങ്ങൾ സിറ്റിംഗ് നടത്തുമ്പോൾ ലഭിക്കുന്ന പരാതിയിൽ കൂടുതലായി വരുന്നത് നീതിനിഷേധം, അവകാശനിഷേധം എന്നിവ സംബന്ധിച്ചവയാണ്. അത് ലഭിക്കുന്ന പല പരാതികൾക്കും ശരിയായ തീർപ്പ് കൽപ്പിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച പ്രഥമ സെമിനാർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.

ജൈന വിഭാഗത്തിൽപ്പെടുന്നവർ കൂടുതലായി ജീവിക്കുന്ന വയനാട് ജില്ലയിൽ ഈ വിഭാഗത്തിനായി സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കമ്മീഷൻ എല്ലാവിധ പിന്തുണയും നൽകും.

പത്തനംതിട്ട ജില്ലയിൽ ബുദ്ധ വിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ടവരുടെ സംസ്‌കാരം ചേർത്തുപിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ല. അടുത്ത അധ്യയന വർഷം ഇത് തുടർന്ന് പ്രവർത്തിക്കുന്നതിന് എല്ലാ പിന്തുണയും കമ്മീഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നടന്ന സെമിനാറിൽ ന്യൂനപക്ഷ കമ്മീഷൻ അംഗം പി റോസ അധ്യക്ഷത വഹിച്ചു.
മെമ്പർ എ സൈഫുദ്ദീൻ ഹാജി, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, ഡെപ്യൂട്ടി കലക്ടർ വി ഇ അബ്ബാസ്, സൂക്ഷ്മ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളായ എൻ ഹരിദാസ് ബോധ്, സി മഹേന്ദ്രകുമാർ, അവതാർ സിംഗ്, വിജയൻ മാമ്മൂട്, ബിനോജ് ബാബു, എം എ രാജേഷ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എച്ച് നിസാർ പങ്കെടുത്തു.

Latest