Connect with us

From the print

ന്യൂനപക്ഷ ശാക്തീകരണം: സമസ്ത മുന്‍കൈയെടുക്കും- കാന്തപുരം

5,000 സ്വയംപര്യാപ്ത ഗ്രാമങ്ങള്‍. 1,000 പുതിയ പ്രബോധകര്‍. പുതിയ മൂന്ന് സോണല്‍ ഹബുകള്‍.

Published

|

Last Updated

മലപ്പുറം | സമസ്തയെ ഒരു ആശയമായി ദേശീയതലത്തില്‍ വ്യാപിപ്പിക്കുകയും കേരളത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സാമൂഹികമായ ചേര്‍ന്നുനില്‍പ്പിന്റെ പുതിയ അധ്യായങ്ങള്‍ സൃഷ്ടിക്കുകയുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മലപ്പുറത്ത് നടന്ന പണ്ഡിത പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ അരക്ഷിതമാകാതെ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടു പോകാന്‍ മുസ്്‌ലിം ന്യൂനപക്ഷത്തിന് നേതൃപരമായ വഴി കാണിക്കുകയാണ് സമസ്തക്ക് ഇക്കാലത്ത് നിര്‍വഹിക്കാനുള്ള സവിശേഷമായ ധര്‍മങ്ങളിലൊന്ന്. അത് തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ തന്നെ പ്രസ്ഥാനം നിര്‍വഹിക്കും.

നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ കേരളത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. മുസ്ലിംകള്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയും അവശതയനുഭവിക്കുന്ന സമൂഹങ്ങളെയും സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്നതാണ് സമസ്ത 100ാം വാര്‍ഷികത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന പ്രധാന പദ്ധതി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കര്‍മ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ പിന്നാക്കാവസ്ഥ പരിഹരിച്ചു മാത്രമേ മുസ്ലിം ന്യൂനപക്ഷത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുളളൂ. ഇതിനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്്‌ലിം ജമാഅത്ത് ഘടകങ്ങള്‍, മുസ്്‌ലിം എജ്യുക്കേഷനല്‍ ബോര്‍ഡ്, എസ് എസ് എഫ് ഇന്ത്യ എന്നീ സംഘടനകളെയും സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും.

രാഷ്ട്രീയ നിരക്ഷരതയും സാമൂഹിക പിന്നാക്കാവസ്ഥയും വിദ്യാഭ്യാസത്തിന്റെ അഭാവവും ഭരണകൂടങ്ങളുടെ തെറ്റായ അടിച്ചമര്‍ത്തല്‍ നയങ്ങളും ചേര്‍ന്ന് കൂടുതല്‍ അരക്ഷിതവത്്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, കേരളത്തിന് പുറത്തുള്ള സമൂഹത്തെ കേരളത്തിലേതിനു സമാനമായ സാമൂഹിക വിദ്യാഭ്യാസ നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന വിശാലമായ ലക്ഷ്യം സമസ്തക്കുണ്ട്. പുതിയ കാലത്തോട് സംവദിക്കാന്‍ ശേഷിയും പുതിയ സങ്കേതങ്ങളെ ഉപയോഗിക്കാന്‍ വൈദഗ്ധ്യവുമുള്ള ആയിരം പുതിയ പ്രബോധകരെ അടിയന്തര സ്വഭാവത്തോടെ സമൂഹത്തിന് സമര്‍പ്പിക്കും.

കേരളത്തിലെ മുസ്്‌ലിം സാമൂഹിക ജീവിതത്തില്‍ മഹല്ലുകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. വിശ്വാസികളുടെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന സംഘടനാ സംവിധാനം കൂടിയാണ് മഹല്ല് കമ്മിറ്റികള്‍. മുസ്്‌ലിം ജീവിതവുമായി ബന്ധപ്പെട്ടാണ് അതിന്റെ പ്രവര്‍ത്തന മേഖല എന്നിരിക്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്താന്‍ മഹല്ലുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
പുതിയകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടിപരമായി സംബോധന ചെയ്യാന്‍ കഴിയുന്ന വിധത്തിലേക്ക് മഹല്ല് സംവിധാനങ്ങളെ ശാക്തീകരിക്കുക സമസ്തയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ ഇടപെടാന്‍ കഴിയുന്ന വിധത്തിലേക്ക് കേരളത്തിലെ മഹല്ല് സംവിധാനത്തെ ശാക്തീകരിക്കാന്‍ സമസ്ത പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി വലിയ സാമൂഹിക വിപ്ലവം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായമായ മുസ്ലിംകള്‍ ദേശീയതലത്തില്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം പ്രാപ്തരായ നേതൃത്വത്തിന്റെ അഭാവമാണ്.

പണ്ഡിതന്മാരാല്‍ നയിക്കപ്പെടുന്നവരാണ് ലോകത്തെങ്ങുമുള്ള മുസ്്‌ലിംകള്‍. എല്ലാ കാലത്തും അത് അങ്ങനെയാണ്. ദേശീയതലത്തില്‍ ഇങ്ങനെയൊരു നേതൃത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ ചേര്‍ത്തുപിടിച്ച് മതിയായ പരിശീലനവും ജീവിത സാഹചര്യങ്ങളും സമസ്തയുടെ മുന്‍കൈയില്‍ ഒരുക്കിക്കൊടുക്കും. ഗ്രാമീണ മേഖലയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക സാഹചര്യങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണ്. കൃഷിയിലും തൊഴിലിലുമുള്‍പ്പെടെ സ്വയം പര്യാപ്തമായ 5,000 മാതൃകാ ഗ്രാമങ്ങളെ രൂപപ്പെടുത്തിക്കൊണ്ട് വലിയ കുതിപ്പ് സാധ്യമാക്കുക സമസ്തയുടെ 100ാം വാര്‍ഷിക പദ്ധതികളില്‍ പ്രധാനമാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ദേശീയതല പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഡല്‍ഹിക്ക് പുറമെ മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ സോണല്‍ ഹബ്ബുകള്‍ സ്ഥാപിച്ചുകൊണ്ട് ദേശീയതലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് വേഗം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.