Connect with us

Kerala

ന്യൂനപക്ഷ അവകാശം; വിഷം ചീറ്റി കത്തോലിക്കാ മുഖപത്രം

പ്രജനന നിരക്കിന്റെ അടിസ്ഥാനത്തില്‍ മൈക്രോ മൈനോറിറ്റി വേണം

Published

|

Last Updated

ആലപ്പുഴ | ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു വിഭാഗത്തിന് മാത്രമായി നീക്കിവെക്കുകയാണെന്നും പ്രജനനനിരക്കിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യ കുതിച്ചുയരുന്ന ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ മത വിഭാഗത്തെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ താലോലിക്കുകയാണെന്നും കത്തോലിക്ക സഭാ മുഖപത്രം. സഭാ നേതാക്കള്‍ക്കിടയില്‍ മാത്രം സ്വകാര്യ വിതരണത്തിനുള്ള ലെയ്റ്റി വോയ്സിന്റെ പുതിയ ലക്കത്തിലാണ് മുസ്്ലിം സമുദായത്തിന് നേരെ വിഷം ചീറ്റുന്ന ലേഖനമുള്ളത്.
ലെയ്റ്റി വോയ്സ് പത്രാധിപര്‍ ഷെവലിയാര്‍ വി സി സെബാസ്റ്റ്യന്‍ പേര് വെച്ചെഴുതിയ മുഖലേഖനത്തിലുടനീളം മുസ്്ലിം സമുദായത്തിനെതിരായ വിദ്വേഷ വചനങ്ങളാണ്.

ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവിന്റെ അളവുകോല്‍ ജനസംഖ്യയാണെന്നും അംഗസംഖ്യയുടെ കുറവാണ് ദുര്‍ബലാവസ്ഥയുടെ പ്രധാന കാരണമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ ഷെവലിയാര്‍ കുറിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഭൂരിപക്ഷ വിഭാഗമൊഴിച്ച് മറ്റ് അഞ്ച് വിഭാഗങ്ങള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ചോദ്യത്തിന് വര്‍ഗീയ വോട്ട് രാഷ്ട്രീയത്തിന്റെ അട്ടിപ്പേറ് അവകാശവുമായി അധികാര സ്വപ്നങ്ങള്‍ താലോലിക്കുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ക്ക് മറുപടിയില്ലെന്നും ഭരണഘടനയെ അട്ടിമറിച്ച് ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷത്തെ സംരക്ഷിക്കുന്ന നയമാണ് കാലങ്ങളായി രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരികള്‍ സ്വീകരിച്ചതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇതിനായി കണ്ടുപിടിച്ച കുറുക്കുവഴിയാണ് ജനസംഖ്യയുടെ കുറവിന് അപ്പുറമുള്ള സാമൂഹിക പിന്നാക്കാവസ്ഥ. സാമൂഹിക പിന്നാക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായി തിരിച്ചതു പോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

ന്യൂനപക്ഷ അവകാശങ്ങളോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ക്കാകണം. പ്രത്യേകിച്ച് അംഗബലം കുറയുന്ന മൈക്രോ മൈനോരിറ്റി വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കണം.