From the print
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ചെലവഴിച്ചത് 28.46 ശതമാനം
രണ്ട് മാസം ശേഷിക്കെ പ്രയോജനം ലഭിച്ചത് 5,956 പേര്‍ക്ക്. തുക ഈ വര്‍ഷം തന്നെ വിനിയോഗിക്കുമെന്ന്.
തിരുവനന്തപുരം | സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം രണ്ട് മാസം ശേഷിക്കെ ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം പോലും ചെലവഴിക്കാതെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്. ഇന്നലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ക്കായി ബജറ്റില്‍ നീക്കിവെച്ച തുകയുടെ 28.46 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
കഴിഞ്ഞ ബജറ്റില്‍ വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കായി 21.96 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് അനുവദിച്ചത്. ഇതില്‍ 6.25 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി ചെലവഴിച്ചത്. ഇതിലൂടെ 5,956 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിച്ചു. ഈ വര്‍ഷം ത്രിവത്സര പോളിടെക്‌നിക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പില്‍ 69.93 ലക്ഷം രൂപ ചെലവഴിച്ചു. 1,164 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിച്ചത്. പാരാമെഡിക്കല്‍ ഡിപ്ലോമ, ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ പഠിക്കുന്ന 445 വിദ്യാര്‍ഥികള്‍ക്കായി 66.75 ലക്ഷം രൂപ ചെലവഴിച്ചതായും ന്യൂനപക്ഷ ക്ഷേമ വകുപ്പ് അറിയിച്ചു.
എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ 4.72 കോടി രൂപയാണ് ചെലവഴിച്ചത്. 4,315 വിദ്യാര്‍ഥികള്‍ക്കാണ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ബിരുദത്തിന് 80 ശതമാനം മാര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാര്‍ക്കും നേടിയവര്‍ക്ക് 15,000 രൂപയും അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി, ഐ ഐ എം, ഐ ഐ എസ് സി, ഐ എം എസ് സി എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 32 പേര്‍ക്കായി 16 ലക്ഷം രൂപയും ചെലവഴിച്ചു.
അതേസമയം, നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നും ബജറ്റ് വിഹിതത്തിലെ ബാക്കി തുക ഈ സാമ്പത്തിക വര്‍ഷം തന്നെ വിനിയോഗിക്കുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നും അറിയിച്ചു. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഐ ടി സി ഫീ റീഇമ്പേഴ്സ്‌മെന്റ് സ്‌കോളര്‍ഷിപ്പ്, ഉറുദു സ്‌കോളര്‍ഷിപ്പ്, സി എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് (റിന്യൂവല്‍) എന്നിവക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വകുപ്പ് മുഖേന വിതരണം ചെയ്യുന്ന മറ്റു സ്‌കോളര്‍ഷിപ്പുകളായ സി എ/ സി എം എ/ സി എസ് സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ്, സി എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി നല്‍കിയിട്ടുണ്ട്.
കൂടാതെ അസാപ് മുഖേന നൈപുണ്യ പരിശീലനം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളെടുത്തതായും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് പ്രൊഫഷനല്‍ കോളജുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയാകുന്നത്. അതനുസരിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തീകരിച്ചുവരുന്നത്. സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ ഫലപ്രദമായും സമയബന്ധിതമായും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുംവിധം അനുവദിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.
നേരത്തേ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ബജറ്റ് വിഹിതം യഥാസമയം വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നതില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബജറ്റില്‍ വിഹിതം തന്നെ കുറവായിരിക്കെ അത് നഷ്ടപ്പെടുത്തുന്നത് ന്യൂനപക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി നേരിട്ട് അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.