Kerala
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി പറഞ്ഞു
തിരുവനന്തപുരം | ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഒന്‍പത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റിദ്ധാരണ പടര്‍ത്തുന്നതിനുവേണ്ടിയാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ് ഫീ റീ ഇംബേഴ്‌സ്‌മെന്റ്, വിദേശ സ്‌കോളര്‍ഷിപ്പ്, ഐ ഐ ടി/ഐ ഐ എം സ്‌കോളര്‍ഷിപ്പ് , സി എ/ ഐ സി ഡബ്യൂ എ/ സി എസ് സ്‌കോളര്‍ഷിപ്പ്, യു ജി സി നെറ്റ്, ഐ ടി സി ഫീസ് റീ ഇംബേഴ്‌സ്മെന്റ്, മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, എ പി ജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ ഒമ്പത് സ്‌കോളര്‍ഷിപ്പ് പദ്ധതികളിലെ ഫണ്ട് പകുതിയായി കുറച്ചെന്നാണ് വാര്‍ത്ത പ്രചരിച്ചത്.
ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് മന്ത്രി വി അബ്ദുറഹിമാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തുവന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാന ബജറ്റില്‍ 21.96 കോടി രൂപ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം (2024-25) 24.45 കോടിയും അനുവദിച്ചു. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ അധ്യയന വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ എട്ടുവര്‍ഷം ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി ലഭിച്ച 500 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ യുവജനതയ്ക്കായുള്ള 24 സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ അനുവദിച്ചു. 28 ഉപകേന്ദ്രങ്ങള്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വിഹിതം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയാണ്. ന്യൂനപക്ഷ മന്ത്രാലത്തിനുള്ള ബജറ്റ് വിഹിതം 2022-23 സാമ്പത്തിക വര്‍ഷം 5,020 കോടി രൂപയായിരുന്നത് 2024-25 ല്‍ 3,097 കോടിയാക്കിച്ചുരുക്കി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന ‘നയാ സവേര’ പദ്ധതി എന്നിവയും നിര്‍ത്തി. കേന്ദ്ര അവഗണനക്കെതിരെയാണ് ശബ്ദമുയര്‍ത്തേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.