Connect with us

Articles

ന്യൂനപക്ഷ ക്ഷേമം: ചോദിക്കാനാരുണ്ട്?

നമ്മുടെ ഗ്രാമ, നഗരങ്ങളില്‍ ന്യൂനപക്ഷത്തിന്റെ തലയെണ്ണി അധികാരത്തിന്റെ കോണിയേറിയവര്‍ രണ്ടായിരത്തോളമുണ്ടത്രേ. അട്ടിപ്പേറവകാശം വെട്ടിപ്പിടിക്കുന്ന സെക്യൂലറന്മാരും കുറവല്ല. പക്ഷേ ന്യൂനപക്ഷ ക്ഷേമത്തിന് കഴിഞ്ഞ അഞ്ചാണ്ടില്‍ സംസ്ഥാനത്ത് എന്തൊക്കെ പദ്ധതികള്‍ എങ്ങനെയൊക്കെ നടപ്പാക്കി എന്ന് നോക്കാന്‍ ഇവര്‍ക്ക് ശേഷിയില്ല. ഏറ്റവും കുറച്ച് തുക വാങ്ങിയതും ഏറ്റവും കൂടുതല്‍ ലാപ്‌സാക്കിയതും ന്യൂനപക്ഷം ഭൂരിപക്ഷമായ മലപ്പുറം ജില്ലയാണെന്നതിലും ആര്‍ക്കും ഞെട്ടല്‍ ഉണ്ടാകുന്നില്ല.

Published

|

Last Updated

പതിമൂന്നാം പഞ്ചവത്സര പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് നടപ്പില്‍ വരേണ്ടിയിരുന്ന ശരാശരി 750 കോടിയില്‍പരം രൂപയുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നഷ്ടമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാട്ടുന്ന അലംഭാവമാണ് കാരണം. 2018 മുതല്‍ 2022 കാലത്തിനിടെ ലഭ്യമായിരുന്ന 350 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഉപേക്ഷിക്കുകയോ തുക ലാപ്‌സാകുകയോ ചെയ്യുന്നു. 2020-21 കാലത്ത് സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 400 കോടി രൂപയുടെ പദ്ധതികള്‍ നേടിയെടുത്തുമില്ല. 2018 മുതല്‍ 22 വരെ കാലത്ത് കോര്‍പറേഷന്‍, നഗരസഭ, പഞ്ചായത്ത് തലങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സാമ്പത്തിക-സാമൂഹിക ഉന്നമനം ഉദ്ദേശിച്ച് പി എം ജെ വി കെ (പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം) പദ്ധതികള്‍ക്ക് നല്‍കിയ പണമാണ് വിനിയോഗിക്കാതെ പാഴാകുന്നത്. പലേടത്തും മൂന്നും നാലും തവണ വരും വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തിട്ടും പണം വിനിയോഗിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ നേടിയെടുക്കുന്ന പണമാണ് താഴേ തട്ടില്‍ നിര്‍വഹണ രംഗത്തെ പിടിപ്പുകേടുകൊണ്ട് നിശ്ചിത ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ പോകുന്നത്. പണം നല്‍കുന്നതല്ലാതെ പദ്ധതി നിര്‍വഹണത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നേരിട്ട് പങ്കാളിത്തമില്ലാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്.

ഈ പണം ഉപയോഗിച്ച് എല്ലാ പക്ഷത്തിനും വേണ്ടി പൊതു കക്കൂസും പഞ്ചായത്ത് റോഡുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും പണിതവരുമുണ്ട്. ന്യൂനപക്ഷങ്ങള്‍ തീരെയില്ലാത്ത പ്രദേശത്ത് കമ്മ്യൂണിറ്റി ഹാള്‍ പണിതും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും നഗര നടുവിലും പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ചും “ന്യൂനപക്ഷ ക്ഷേമം’ നടപ്പാക്കിയ നഗരസഭകളും ഉണ്ട്. പദ്ധതി തുക വിനിയോഗിക്കാത്തതും ലക്ഷ്യംവിട്ട് തുക ചെലവിടുന്നതും അതിന്റെ യഥാര്‍ഥ അവകാശികള്‍ ശ്രദ്ധിക്കാത്ത അവസ്ഥയാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉള്ളത്.

സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയെ ബി ജെ പി സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം എന്ന് വിളിക്കുന്നു. പി എം ജെ വി കെയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ തുകയാണ് ഇങ്ങനെ നോക്കാന്‍ ആളില്ലാതെ ചോരുന്നതും വകമാറുന്നതും മടങ്ങി പോകുന്നതും. നമ്മുടെ ഗ്രാമ, നഗരങ്ങളില്‍ ന്യൂനപക്ഷത്തിന്റെ തലയെണ്ണി അധികാരത്തിന്റെ കോണിയേറിയവര്‍ രണ്ടായിരത്തോളമുണ്ടത്രേ. അട്ടിപ്പേറവകാശം വെട്ടിപ്പിടിക്കുന്ന സെക്യൂലറന്മാരും കുറവല്ല. പക്ഷേ ന്യൂനപക്ഷ ക്ഷേമത്തിന് കഴിഞ്ഞ അഞ്ചാണ്ടില്‍ സംസ്ഥാനത്ത് എന്തൊക്കെ പദ്ധതികള്‍ എങ്ങനെയൊക്കെ നടപ്പാക്കി എന്ന് നോക്കാന്‍ ഇവര്‍ക്ക് ശേഷിയില്ല. ഏറ്റവും കുറച്ച് തുക വാങ്ങിയതും ഏറ്റവും കൂടുതല്‍ ലാപ്‌സാക്കിയതും ന്യൂനപക്ഷം ഭൂരിപക്ഷമായ മലപ്പുറം ജില്ലയാണെന്നതിലും ആര്‍ക്കും ഞെട്ടല്‍ ഉണ്ടാകുന്നില്ല.

നടപ്പു വര്‍ഷം കേരളത്തിന് കിട്ടിയ 129 കോടി രൂപയും മാര്‍ച്ച് 31നകം ലാപ്‌സാകാന്‍ പോകുന്നു. അതിലെ കേന്ദ്ര വിഹിതം സംസ്ഥാനം കൈപ്പറ്റിയെങ്കിലും ചെലവിട്ടില്ല. പദ്ധതി വിനിയോഗ രേഖ നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് ബാക്കി തുക കിട്ടില്ല. മാത്രമല്ല, വാങ്ങിയത് തിരികെ ഒടുക്കുകയും വേണം. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലായിരുന്നു ഈ വര്‍ഷം തുക വിനിയോഗിക്കേണ്ടിയിരുന്നത്. എന്നാല്‍ സംസ്ഥാനം വാങ്ങിയ തുകയില്‍ നിന്ന് ഒരു രൂപ പോലും ജില്ലകള്‍ക്ക് കിട്ടിയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മലപ്പുറം ജില്ല 2018 മുതല്‍ 2021 വരെ ചോദിച്ചു വാങ്ങിയത് വെറും 6,96,04,300 രൂപ. അതില്‍ വിനിയോഗിച്ചത് ആകെ രണ്ട് കോടി. പൊന്നാനി, മലപ്പുറം നഗരസഭകളും ചാലിയാര്‍, പള്ളിക്കല്‍ പഞ്ചായത്തുകളും പദ്ധതിക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പൊന്നാനി ഒഴികെ തുക പാഴാക്കുകയായിരുന്നു. ഈ വര്‍ഷം മലപ്പുറം ജില്ല ആവശ്യപ്പെട്ടിട്ടുള്ളത് 36,51,50,000 രൂപ മാത്രമാണ്. അതില്‍ നയാ പൈസയും ഇതുവരെ വിനിയോഗിച്ചുമില്ല. കോഴിക്കോട് ജില്ല ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ ജന്‍ വികാസ് പദ്ധതി പ്രകാരം പണം ചോദിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം അഞ്ച് പൈസയും കോഴിക്കോട്ടെ ന്യൂനപക്ഷങ്ങള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ ഒരു ജനപ്രതിനിധിയും ഉണ്ടായില്ല. ഇപ്പോള്‍ കലക്ടര്‍ 89,62,10,000 രൂപ ചോദിച്ചിട്ടുണ്ടെങ്കിലും അത് കിട്ടിയാല്‍ സൂക്ഷിക്കാന്‍ ഒരു അക്കൗണ്ട് പോലും കോഴിക്കോട് കലക്ടറേറ്റില്‍ തുറന്നിട്ടില്ല. കോഴിക്കോട് കോര്‍പറേഷനും ചെറുവണ്ണൂര്‍, ബേപ്പൂര്‍ പ്രദേശങ്ങളും വടകര നഗരസഭയുമാണ് ഇതിനായി കാത്തിരിക്കുന്നത്. എറണാകുളം ജില്ലക്കും ഇക്കുറി ഒന്നും കിട്ടിയില്ല. കിട്ടിയാലും പതിമൂന്നാം പദ്ധതി കാലം തീരാന്‍ രണ്ട് മാസം തികച്ചില്ലാത്തതിനാല്‍ പണം വിനിയോഗിക്കല്‍ അസാധ്യം. ആലപ്പുഴ ജില്ലയിലെ കായംകുളം, ആലപ്പുഴ നഗരസഭകള്‍ 25 കോടി പാഴാക്കി പട്ടികയില്‍ തിളങ്ങി നില്‍ക്കുന്നു. കേരളത്തില്‍ പല പഞ്ചായത്ത് നഗരപാലികാ സ്ഥാപനങ്ങളും 2017 മുതല്‍ 2022 വരെ ഒരേ തുകയും പദ്ധതിയുമായി ഉരുട്ടിയുരുട്ടി കാലം കഴിച്ചു. ഒടുവില്‍ പദ്ധതികള്‍ ഒന്നൊന്നായി ഉപേക്ഷിക്കുന്നു. കൊല്ലത്ത് രണ്ട് കോടിക്ക് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടവും അഞ്ച് കോടിക്ക് രണ്ട് വനിതാ ഹോസ്റ്റലും 40 ലക്ഷത്തിന് രണ്ട് മാര്‍ക്കറ്റ് ഷെഡുകളുമാണ് ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നിര്‍മിച്ചത്.
മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങി അധികാരം കൊണ്ട് അലംകൃത ജീവിതം നയിക്കുന്ന ന്യൂനപക്ഷങ്ങള്‍ സംസ്ഥാനത്ത് നിരവധിയാണ്. പക്ഷേ 2020-21 വര്‍ഷം ന്യൂനപക്ഷ ക്ഷേമത്തിനായി കേരളത്തിന് ഒരു രൂപ പോലും കിട്ടിയില്ല എന്നത് ഇവരെ അസ്വസ്ഥപ്പെടുത്തിയില്ല. 2019-20 കാലത്ത് ആകെ കിട്ടിയത് 35 കോടിയായി കുറഞ്ഞു പോയതിലും ആര്‍ക്കും പരാതിയില്ല. അതിനിടെ ആ പണം കൊണ്ട് കൈ നനയാതെ മീന്‍ പിടിച്ച ചിലര്‍ “എന്തതിശയമേ’ പാടുന്നതും ഈ രാഷ്ട്രീയക്കാരുടെ സ്വയംകൃതാനര്‍ഥം.
പദ്ധതി നടത്തിപ്പിന് എല്ലാ ജില്ലയിലും കലക്ടര്‍ ചെയര്‍മാനായി സര്‍ക്കാര്‍ കമ്മിറ്റി ഉണ്ടാകണമെന്നും അതില്‍ എം പിമാരും എം എല്‍ എമാരും കൂടാതെ ന്യൂനപക്ഷ സമുദായങ്ങളിലെ പ്രതിനിധികളും അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പല ജില്ലകളിലും ഇതുവരെ ഈ കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ യോഗം ചേരുന്നില്ല. പകരം കലക്ടര്‍മാര്‍ തന്റെ ഗോഡ്ഫാദര്‍ പറയുന്ന നിര്‍മാണ ജോലികള്‍ ചേര്‍ത്ത് പ്രൊജക്ട് കൊടുക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലും സമാന കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം. 80 ശതമാനം ആരോഗ്യ, തൊഴില്‍, നൈപുണി മേഖലക്കും 20 ശതമാനം വിദ്യാഭ്യാസ മേഖലക്കുമാണ് തുക ചെലവിടേണ്ടത്. അതില്‍ 33 – 40 ശതമാനം സ്ത്രീകള്‍ക്കു വേണ്ടിയാകണം. പദ്ധതി തയ്യാറാക്കും മുമ്പ് ബെയ്‌സ് ലൈന്‍ സര്‍വേ നടത്തി അര്‍ഹതാ മേഖല കണ്ടെത്തണം. മറ്റ് പദ്ധതികളുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. വ്യക്തികള്‍ ഗുണഭോക്താക്കളാകരുത്. ഭരണ ചെലവുകള്‍ക്ക് പദ്ധതിയില്‍ നിന്ന് പണം എടുക്കരുത് എന്നെല്ലാമാണ് വ്യവസ്ഥ. ചുരുക്കത്തില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ, സ്ത്രീ ശാക്തീകരണ, സാംസ്‌കാരിക സംരംഭങ്ങള്‍ തുടങ്ങാനും പരിപാലിക്കാനും മാത്രമേ പണം വിനിയോഗിക്കാവൂ. ഇതിനായി നിശ്ചയിക്കപ്പെട്ട ബെയ്‌സ് ലൈന്‍ സര്‍വേ പോലും നടത്താതെയാണ് മിക്കയിടങ്ങളിലും പ്രൊജക്ടുകള്‍ സമര്‍പ്പിച്ചത്.
പദ്ധതി കാലം തീരാറായതോടെ മുഖ്യമന്ത്രി ഇടപെട്ട് കലക്ടര്‍മാരോട് പുരോഗതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം എ എം ആരിഫ് എം പിയോട് ഈ പദ്ധതി പ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാനും ഇടപെടാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ ഇവിടെ മദ്‌റസകള്‍ എയ്ഡഡ് സ്ഥാപനങ്ങളല്ലാത്തതിനാല്‍ ആ ശീര്‍ഷകത്തില്‍ പണം വിനിയോഗിക്കാനുള്ള തടസ്സം നീക്കാനുള്ള ആരിഫ് എം പിയുടെ ശ്രമം ഫലം കണ്ടേക്കാം. തന്റെ പഞ്ചായത്തിലും നഗരസഭയിലും ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ എങ്ങനെയൊക്കെ വേണമെന്ന് പ്രാദേശിക ജനപ്രതിനിധികള്‍ കൂടിയാലോചന നടത്തി തീരുമാനിക്കണം. അതിന് മുന്നോടിയായി പദ്ധതിയില്‍ എന്തൊക്കെ അനുവദനീയമാണെന്നും അതിന് ആരൊക്കെ അര്‍ഹരാകുമെന്നും ജനപ്രതിനിധി പഠിക്കണം. ഉദ്യോഗസ്ഥ പ്രമാണിമാര്‍ മുന്‍കടലാസുകളില്‍ നിന്ന് ഈച്ചക്കോപ്പിയെടുത്ത് എല്ലാത്തിലും വര്‍ഷം 20 ശതമാനം വര്‍ധന എന്ന തോതില്‍ എഴുതിവിടാന്‍ അനുവദിക്കരുത്.

ഇതൊരു കേന്ദ്ര-സംസ്ഥാന പങ്കാളിത്ത സംരംഭമാണ്. 60 ശതമാനം തുക കേന്ദ്രം നല്‍കുമ്പോള്‍ 40 ശതമാനം സംസ്ഥാനം വിനിയോഗിക്കണം. അതുകൊണ്ടുതന്നെ എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്നിരുന്ന് പദ്ധതികള്‍ തയ്യാറാക്കണം. തുക വിനിയോഗത്തെക്കുറിച്ച് നിരന്തരം അന്വേഷിക്കണം. നിശ്ചിത കാലയളവിനകം തുക വന്നില്ലെങ്കിലും വിനിയോഗിച്ചില്ലെങ്കിലും ജനപ്രതിനിധികള്‍ ഇടപെടണം. അവഗണനയുടെയും ചാപ്പ കുത്തലുകളുടെയും നടുവില്‍ നിന്ന് പോരാടി നേടുന്ന പണം വകമാറ്റി ചെലവിടാതിരിക്കാനും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കണം. അല്ലെങ്കില്‍ സ്‌കോളര്‍ഷിപ്പിന്റെ അനുപാതം നൂറ് എണ്‍പതും പിന്നെ അമ്പത്തിയാറും ആയതുപോലെ ഇതുമാകാന്‍ ഏറെ കാലം വേണ്ടിവരില്ല.

nahahakkim@gmail.com

---- facebook comment plugin here -----

Latest