Kerala
മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം; ബിജെപി നേതാവ് സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തു
കഴിഞ്ഞ ദിവസം കോഴിക്കോട്ട് വാർത്തക്കായി ബൈറ്റ് എടുക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത്.
കോഴിക്കോട് | വാർത്താലേഖകരുമായി സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും നടനുമായ സുരേശ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് വാർത്തക്കായി ബൈറ്റ് എടുക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വീണ്ടും കൈവെച്ചു. തുടർന്ന് മാധ്യമപ്രവർത്തക കൈ പിടിച്ചുമാറ്റുകയായിരുന്നു.
തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പരാതി സിറ്റി പോലീസ് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.