Connect with us

National

മലബാറിലെ ദുരിത യാത്ര; എം.കെ രാഘവന്‍ എം.പി കേന്ദ്ര റേയില്‍വേ മന്ത്രിയെ കണ്ടു

ബാംഗ്ലൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വ്വീസ് കോഴിക്കോടേക്ക് നീട്ടി ഇറക്കിയ ഉത്തരവ് ഉടന്‍ നടപ്പാക്കണം

Published

|

Last Updated

ന്യൂഡല്‍ഹി| മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ടു. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാര്‍ അതീവ യാത്രാക്ലേശം അനുഭവിക്കുകയാണ്. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാത്ത റെയില്‍വേയുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എം.കെ രാഘവന്‍ എം.പി വ്യക്തമാക്കി.

കേരളത്തിലെ പന്ത്രണ്ട് മെമു സര്‍വ്വീസുകളില്‍ ഒന്ന് മാത്രമാണ് മലബാറില്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് തികഞ്ഞ വിവേചനമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. പരശുറാം എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് തുടങ്ങിയ സര്‍വ്വീസുകളിലെ ജനറല്‍ കോച്ചുകളില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ജനറല്‍ കോച്ചില്‍ യാത്ര ചെയ്യേണ്ടവര്‍
റിസര്‍വ്ഡ് കോച്ചുകളില്‍ യാത്ര ചെയ്യേണ്ടി വരികയും റിസര്‍വേഷന്‍ നടത്തിയ യാത്രക്കാര്‍ക്ക് സൗകര്യ പൂര്‍വ്വം യാത്ര നടത്താന്‍ സാധിക്കാത്ത അവസ്ഥയുമാണെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു.

മുന്‍ കാലങ്ങളില്‍ ഇല്ലാത്ത തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. പാസഞ്ചര്‍ ട്രെയിനുകളുടെ റദ്ദാക്കലും നാഷണല്‍ ഹൈവേ നിര്‍മ്മാണ പ്രവൃത്തികളും തിരക്കിനെ സ്വാധീനിച്ചിട്ടുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.

ബംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വ്വീസ് കോഴിക്കോടേക്ക് നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 5 മാസം കഴിഞ്ഞും ഇത് നടപ്പിലാക്കാത്തതിലെ വിയോജിപ്പ് അദ്ദേഹം റെയില്‍വേ മന്ത്രിയെ അറിയിച്ചു. നിരവധി തവണ കേന്ദ്ര മന്ത്രിയുമായും റെയില്‍വേ ബോര്‍ഡുമായും ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടാനുള്ള ഉത്തരവായത്. ഇത് അടിയന്തിരമയി നടപ്പിലാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

ഗോവ- മംഗലാപുരം റൂട്ടില്‍ ഓടുന്ന വന്ദേ ഭാരത് സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടണമെന്നും എം കെ രാഘവന്‍ ആവശ്യപ്പെട്ടു.ഈ റൂട്ടില്‍ മുമ്പ് ഒരു എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് മതിയായ യാത്രക്കാരില്ലാത്തതിനാല്‍ റദ്ദ് ചെയ്തിരുന്നതായും എം.പി റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചു. കേരളത്തിലെ വന്ദേ ഭാരത് സര്‍വ്വീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോവ- മംഗലാപുരം വന്ദേ ഭാരത് സര്‍വ്വീസില്‍ യാത്രക്കാര്‍ വളരെ കുറവാണ്. സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടിയാല്‍ കേരളത്തിലെ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളുടെയും വിനോദ സഞ്ചാരത്തിന് പ്രയോജനകരമാകും.യാത്രക്കാരുടെ കുറവ് മുന്‍ നിര്‍ത്തി സര്‍വ്വീസ് റദ്ദ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി.

അതോടൊപ്പം ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണം. ബംഗളൂരു വില്‍ നിന്നും എറണാകുളം വരെ സര്‍വ്വീസ് നടത്തുന്ന 12677/78 സര്‍വ്വീസിന് ബദലായി പുതിയ വന്ദേ ഭാരത് സര്‍വ്വീസ് ആരംഭിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയാണെങ്കില്‍ 12677/78 സര്‍വ്വീസിന്റെ റേക്കുകള്‍ പാലക്കാട് ഡിവിഷനു നല്‍കി ബംഗളൂരുവില്‍ നിന്നും കോഴിക്കോടെക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എം.പിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ട റയില്‍വേ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് റെയില്‍വേ മന്ത്രിയും, ബോര്‍ഡ് ചെയര്‍ പേഴ്‌സണും അറിയിച്ചു.

 

---- facebook comment plugin here -----

Latest