Kerala
കരുത്തു പകരേണ്ട കോടതിയില്‍ നിന്നും ദുരനുഭവം; മുറിവേല്‍പ്പിച്ച നീചര്‍ അഹങ്കരിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടി
തന്റെ സ്വകാര്യത ഈ കോടതിയില്‍ സുരക്ഷിതമല്ലെന്ന അറിവ് പേടിപ്പെടുത്തുന്നതാണെന്ന് നടി

കൊച്ചി | മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിച്ചുവെന്ന് ആക്രമിക്കപ്പെട്ട നടി. തന്റെ സ്വകാര്യത ഈ കോടതിയില്‍ സുരക്ഷിതമല്ലെന്ന അറിവ് പേടിപ്പെടുത്തുന്നതാണെന്ന് നടി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.ഇരയാക്കപ്പെട്ട വ്യക്തിക്കു കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയില്‍ നിന്നു ഇത്തരം ദുരനുഭവം ഉണ്ടാവുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണ്. ഇത് സങ്കടകരമാണെന്നും കുറിപ്പില്‍ പറയുന്നു
സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ തനിക്കു നിഷേധിക്കപ്പെട്ടത് ഭരണഘടന ഉറപ്പു നല്‍കിയ അവകാശമാണ്- കുറിപ്പില്‍ അതിജീവിതയായ നടി തുടര്‍ന്ന് പറയുന്നു
സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ. ഓരോ ഇന്ത്യന്‍ പൗരന്റേയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യും- നടി വ്യക്തമാക്കി