Connect with us

Kerala

ചലച്ചിത്ര രംഗത്ത് വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍; ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇന്ന് പുറത്തുവിടും

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ചലച്ചിത്ര രംഗത്ത് വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ട് ഇന്ന് പുറത്തുവിടും. കമ്മിറ്റി നിലവില്‍ വന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് റിപോര്‍ട്ട് പുറത്തുവരുന്നത്. 2019ലാണ് കമ്മിറ്റി രൂപവത്കൃതമായത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ചാണിത്.

റിപോര്‍ട്ട് പരസ്യമാക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിപോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ വ്യുമണ്‍ ഇന്‍ സിനിമ കലക്ടീവ് സ്വാഗതം ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്ന പശ്ചാത്തലത്തില്‍, വര്‍ഷങ്ങളോളമായി ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ താത്പര്യപ്പെടുന്നതായി വ്യുമണ്‍ ഇന്‍ സിനിമ കലക്ടീവ് പ്രതികരിച്ചിരുന്നു.

കണ്ടെത്തലുകള്‍ പുറത്തു വിടാതിരിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാമെന്ന വാദം മുന്നോട്ടു വെക്കുകയും ചെയ്യുന്നത് പരിഹാസ്യമാണെന്നാണ് ഡബ്ല്യു സി സി പറയുന്നത്. കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത് പ്രായോഗിക പരിഹാര നടപടികള്‍ ക്കും പുരോഗമനപരമായ മാറ്റങ്ങള്‍ക്കും സഹായകമാകും. ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ അതിജീവിതരെ സംരക്ഷിച്ചു കൊണ്ടു തന്നെ, റിപോര്‍ട്ടിലുള്ള നിര്‍ദേശങ്ങളും സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും പുറത്ത് വരേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യു സി സി വ്യക്തമാക്കി.

അതിനിടെ, ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ആണ് ഹരജിക്കാരന്‍. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

---- facebook comment plugin here -----

Latest