National
സ്ത്രീ വിരുദ്ധ പരാമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍
മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിനു പിന്നാലെ മന്‍സൂര്‍ അലി ഖാന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
ചെന്നൈ| നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. കേസെടുത്ത പോലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തെറ്റായാണ് നല്‍കിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.
മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിനു പിന്നാലെ മന്‍സൂര്‍ അലി ഖാന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നല്‍കിയിരുന്നുവെങ്കിലും ഹരജി പിന്‍വലിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്തത്. നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍ തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മന്‍സൂര്‍ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വിജയ് നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് മന്‍സൂര്‍ നടത്തിയ പരാമര്‍ശമാണ് വലിയ വിവാദമായത്. മന്‍സൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രൂക്ഷ ഭാഷയിലാണ് തൃഷയും ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷും പരാമര്‍ശത്തോട് പ്രതികരിച്ചത്.