National
സ്ത്രീവിരുദ്ധ പരാമര്‍ശം; നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് വനിത കമീഷന്‍
പരാമര്‍ശം വിവാദമായതോടെ താന്‍ പറഞ്ഞത് തമാശയാണെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.
ന്യൂഡല്‍ഹി| സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് ദേശീയ വനിതാ കമീഷന്‍. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രമായ ലിയോയില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.
പരാമര്‍ശത്തിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്പേസ് പങ്കിടില്ലെന്നുമായിരുന്നു തൃഷയുടെ പരാമര്‍ശം. ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജും തൃഷക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.
മന്‍സൂര്‍ അലി ഖാനെതിരെ വിമര്‍ശനവുമായി നടിയും ബി.ജെ.പി നേതാവും വനിത കമീഷന്‍ അംഗവുമായ ഖുശ്ബു സുന്ദറും രംഗത്തെത്തിയിരുന്നു. ഖുശ്ബു സുന്ദര്‍, റോജ തുടങ്ങിയ നടിമാര്‍ക്കെതിരെയും മന്‍സൂര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു.
അതേസമയം പരാമര്‍ശം വിവാദമായതോടെ താന്‍ പറഞ്ഞത് തമാശയാണെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മന്‍സൂര്‍ അലി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സഹനടിമാരോട് തനിക്ക് ബഹുമാനമാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.