Connect with us

National

മിസ് ഇന്ത്യ വിജയികളുടെ പട്ടിക പരിശോധിച്ചു, ഒറ്റ ദളിതനും ആദിവാസിയും ഒബിസിയും ഇല്ല: രാഹുൽ ഗാന്ധി

'രാഷ്ട്രീയപരമായ കാരണങ്ങളാലല്ല ഞാൻ ജാതി സെൻസസിന് വേണ്ടി വാദിക്കുന്നത്. മറിച്ച് രാജ്യത്തെ 90 ശതമാനത്തോളം വരുന്ന പാവങ്ങളെയും കർഷകരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് എന്റെ ലക്ഷ്യം. ഭാവിയിൽ അത് രാഷ്ട്രീയപരമായി എനിക്ക് നഷ്ടങ്ങൾ വരുത്തുമെങ്കിലും ഞാൻ അത് ചെയ്യും' - രാഹുൽ

Published

|

Last Updated

പ്രയാഗ് രാജ് | മിസ് ഇന്ത്യ വിജയികളുടെ പട്ടിക പരിശോധിച്ചപ്പോൾ ഒരൊറ്റ ദളിതനെയും ആദിവാസിയെയും ഒബിസി വിഭാഗക്കാരെയും കണ്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രയാഗ് രാജിൽ സംവിധാന സമ്മാൻ സമ്മേളനത്തിൽ ജാതി സെൻസസിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. രാജ്യത്തെ 90 ശതമാനം ആളുകളും മുഖ്യധാരക്ക് പുറത്താണെന്നും രാഹുൽ പറഞ്ഞു.

മിസ് ഇന്ത്യ വിജയികളുടെ പട്ടിക ഞാൻ പരിശോധിച്ചു. എന്നാൽ അതിൽ ദലിത്, ആദിവാസി, ഒബിസി സ്ത്രീകളൊന്നും ഉണ്ടായിരുന്നില്ല. ചിലർ ക്രിക്കറ്റിനെക്കുറിച്ചോ ബോളിവുഡിനെക്കുറിച്ചോ സംസാരിക്കും. ചെരിപ്പുകുത്തിയെയോ പ്ലംബറെയോ ആരും കാണില്ല. മാധ്യമങ്ങളിലെ മുൻനിര അവതാരകർ പോലും 90 ശതമാനത്തിൽ നിന്നുള്ളവരല്ല. സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളിൽ 90 ശതമാനത്തിൽ നിന്ന് എത്രപേർ ഉണ്ടെന്ന് നമുക്ക് അറിയണം. 90 ശതമാനം പേർക്കും ഇതിലൊന്നും പങ്കാളിത്തമില്ലെന്നും ഇത് പരിശോധിക്കണമെന്നും രാഹുൽ പറഞ്ഞു.

മോദിജി ആരെയെങ്കിലും ആലിംഗനം ചെയ്തുവെന്നും നമ്മൾ ഒരു മഹാശക്തിയായിമാറിയെന്നും ചിലർ പറയും. 90 ശതമാനം ആളുകൾക്കും പങ്കാളിത്തമില്ലെങ്കിൽ നമ്മൾ എങ്ങനെയാണ് ഒരു മഹാശക്തിയായി മാറുക? – പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ചോദിച്ചു.

രാഷ്ട്രീയപരമായ കാരണങ്ങളാലല്ല താൻ ജാതി സെൻസസിന് വേണ്ടി വാദിക്കുന്നത്. മറിച്ച് രാജ്യത്തെ 90 ശതമാനത്തോളം വരുന്ന പാവങ്ങളെയും കർഷകരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് എന്റെ ലക്ഷ്യം. ഭാവിയിൽ അത് രാഷ്ട്രീയപരമായി എനിക്ക് നഷ്ടങ്ങൾ വരുത്തുമെങ്കിലും ഞാൻ അത് ചെയ്യും. – രാഹുൽ വ്യക്തമാക്കി.