Kerala
കഴക്കൂട്ടത്ത് നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടി കന്യാകുമാരിയിലുണ്ടെന്ന് സംശയം; തിരച്ചില്‍ ഊര്‍ജിതം
തസ്മിദ് തംസും എന്ന പതിമൂന്നുകാരിയെയാണ് കാണാതായത്.
തിരുവനന്തപുരം | കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടിക്കായി വ്യാപക തിരച്ചില്‍. തസ്മിദ് തംസും എന്ന പതിമൂന്നുകാരിയെയാണ് കാണാതായത്. കാണാതായിട്ട് 21 മണിക്കൂര്‍ പിന്നിട്ടു.
അതിനിടെ, പെണ്‍കുട്ടി കന്യാകുമാരിയില്‍ തന്നെയാണുള്ളതെന്ന് സ്ഥിരീകരിച്ചു. കന്യാകുമാരിയില്‍ കേരള പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടന്നുവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇന്ന് പുലര്‍ച്ചെ 5.30ന് റെയില്‍വേ സ്‌റ്റേഷനു പുറത്ത് കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ബീച്ചിനു സമീപത്തുള്ള ഓട്ടോക്കാരാണ് വിവരം നല്‍കിയത്.
ട്രെയിനില്‍ വെച്ച് കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തതെന്ന് യാത്രക്കാരിയായ ബബിത പറയുന്നു. ഈ ഫോട്ടോ വച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്.
തമ്പാനൂരില്‍ നിന്നാണ് പെണ്‍കുട്ടി ട്രെയിനില്‍ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടില്‍ ഉപയോഗിക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ബബിത പറഞ്ഞു.
ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരില്‍ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത്. പുലര്‍ച്ചെ എഴുന്നേറ്റ് യൂട്യൂബില്‍ ചാനലുകളിലെ വാര്‍ത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടര്‍ന്ന് നാലു മണിയോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഡിഗ്രി കഴിഞ്ഞ് മെഡിക്കല്‍ കോഡിങിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് ബബിത. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത് ബബിത എടുത്ത ഫോട്ടോയാണ്. ബബിതയും കൂടെ പഠിക്കുന്ന കുട്ടുകാരിയും ട്രെയിനില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയത്.
അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളാണ് തസ്മിദ് തംസും. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്.
പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ. 50 രൂപ മാത്രമാണ് കൈയിലുണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497 960113, 9497 980111.