Kerala
കടവന്ത്രയില്‍ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ആലപ്പുഴ കലവൂരിലെ വീട്ടില്‍ പരിശോധന
കാട്ടൂര്‍ സ്വദേശികളായ മാത്യൂസ്, ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിക്ക് സമീപത്തായാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് സൂചന. ഇവര്‍ ഒളിവിലാണ്.
കൊച്ചി | കടവന്ത്രയില്‍ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. മൃതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്ന ആലപ്പുഴ കലവൂരിലെ വീടിനു സമീപത്ത് പോലീസ് പരിശോധന നടത്തുകയാണ്. കാട്ടൂര്‍ സ്വദേശികളായ മാത്യൂസ്, ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിക്ക് സമീപത്തായാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് സൂചന. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.
മാത്യൂസും ശര്‍മിളയും ഒളിവിലാണ്. പോലീസ് വിവരം തേടി വിളിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറി. സുഭദ്രയെ അറിയില്ലെന്ന് പറഞ്ഞ ഇവര്‍ പിന്നീട് ഹാജരാകാമെന്ന് പോലീസിനോട് പറഞ്ഞു. പോലീസ് നേരിട്ട് എത്തിയപ്പോഴേക്കും ഇരുവരും സ്ഥലംവിട്ടിരുന്നു.
കഴിഞ്ഞ മാസം നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. ദമ്പതികള്‍ക്കൊപ്പം ഒരു സ്ത്രീ വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്ത്രീയെ കണ്ടതായി പോലീസിന് വിവരം നല്‍കിയിരുന്നു. സുഭദ്രക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കടവന്ത്രയിലെ അയല്‍വാസി പോലീസിനോട് പറഞ്ഞു.
അമ്മ അമ്പലങ്ങളില്‍ പോയതാകാം എന്നാണ് കരുതിയിരുന്നതെന്ന് സുഭദ്രയുടെ മകന്‍ രാധാകൃഷ്ണന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. തിരിച്ചുവരാതായതോടെയാണ് ഇക്കഴിഞ്ഞ ഏഴാം തിയ്യതി പരാതി നല്‍കിയത്. അമ്മയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.