Saudi Arabia
സഊദി അറേബ്യയിൽ കാണാതായ കുടുംബത്തെ മരുഭൂമിയിൽ കണ്ടെത്തി
40 അംഗങ്ങളടങ്ങിയ റെസ്‌ക്യൂ ടീം ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ ആരംഭിക്കുകയും വെള്ളിയാഴ്ച്ച രാവിലെ 7:30 ഓടെ, ഖുറാനില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി മരുഭൂമിയില്‍ കുടുങ്ങിയ സംഘത്തെ കണ്ടെത്തുകയുമായിരുന്നു.

ദമാം| സഊദി അറേബ്യയില്‍ കാണാതായ കുടുംബത്തെ മരുഭൂമിയില്‍ കണ്ടത്തിയതായി ഇന്‍ജാദ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അറിയിച്ചു.വ്യാഴാഴ്ച രാവിലെയാണ് റിയാദ് പ്രവിശ്യയിലെ ഹസയിലെ ഖുറാനില്‍ നിന്നും സ്വദേശിപൗരനും ഭാര്യയും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘം ഹല്‍ബാനിലേക്ക് യാത്ര തിരിച്ചത്.
മണ്‍പാത മുറിച്ചുകടന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള ഹല്‍ബാനിലേക്ക് പുറപ്പെട്ട സംഘം മണല്‍ക്കുന്നുകളില്‍ വാഹനം കുടുങ്ങിയതോടെയാണ് മരുഭൂമിയില്‍ അകപ്പെട്ടത്.ഇവര്‍ സഞ്ചരിച്ച വഴികളില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ കവറേജ് ഇല്ലാത്തതും പുറം ലോകവുമായി ബന്ധപ്പെടാനുള്ള ശ്രമവും പരാജയപെടുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമായിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഇവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷാ അധികാരികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 40 അംഗങ്ങളടങ്ങിയ റെസ്‌ക്യൂ ടീം ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ ആരംഭിക്കുകയും വെള്ളിയാഴ്ച്ച രാവിലെ 7:30 ഓടെ, ഖുറാനില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി മരുഭൂമിയില്‍ കുടുങ്ങിയ സംഘത്തെ കണ്ടെത്തുകയുമായിരുന്നു.
നൈറ്റ്മാരായ ഇബ്രാഹിം അബ്ദുല്‍ അസീസ് അല്‍-ഒഷാനും, അബ്ദുല്ല ഫഹദ് അല്‍-ശാത്രിയും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു.മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തതിനാല്‍, തിരച്ചിലില്‍ ഏര്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയവിനിമയം ഐകോം എന്ന പ്രത്യേക ചാനലുകള്‍ ഉപയോഗിച്ചായിരുന്നു നിയന്ത്രിച്ചിരുന്നത്.
വാഹനം മണല്‍ക്കൂനകളില്‍ കുടുങ്ങിയ സംഘത്തിന്റെ പക്കല്‍ ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു. തുടര്‍ന്ന്, വിശപ്പിന്റെ കഠിന്യത്താല്‍ ചിലര്‍ റേഡിയേറ്റര്‍ വെള്ളം കുടിക്കുകയും മറ്റു ചിലര്‍ വിശപ്പും ദാഹവും കാരണം മരത്തിന്റെ ഇലകളുമാണ് കഴിച്ചത്.അല്ലാഹുവിന്റെ സഹായത്താല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും ഇവര്‍ ആരോഗ്യവതിയായിരിക്കുന്നുവെന്നുംഇന്‍ജാദ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അറിയിച്ചു.