environment
നഷ്ടമാകുന്ന തെളിനീരിടങ്ങള്‍
കേരളത്തിലെ 79 ശതമാനം നീര്‍ത്തടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പരിശോധന നടത്തിയ 62,398 ജലസാമ്പിളുകളില്‍ 49,016 എണ്ണത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പ്രകടമായിരിക്കുന്നത്.
ശുചിത്വ മിഷന്റെ “തെളിനീരൊഴുകും നവകേരളം’ യജ്ഞത്തിന്റെ ഭാഗമായി നടന്ന പഠനത്തില്‍ കേരളത്തിലെ 79 ശതമാനം നീര്‍ത്തടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പരിശോധന നടത്തിയ 62,398 ജലസാമ്പിളുകളില്‍ 49,016 എണ്ണത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പ്രകടമായിരിക്കുന്നത്. ഈ റിപോര്‍ട്ടിലൂടെ മലയാളിയുടെ തണ്ണീര്‍ത്തടങ്ങള്‍ എത്രമാത്രം മലിനമാണ് എന്ന വാസ്തവമാണ് പുറത്തുവരുന്നത്. നമ്മുടെ നദികളോട് ഇനിയും ഈ നിസ്സംഗത തുടര്‍ന്നുകൊണ്ടിരുന്നാല്‍ എല്ലാ നദികളിലും മാലിന്യത്തിന്റെ തോത് പരിഹരിക്കാന്‍ കഴിയുന്നതിനേക്കാളേറെ വര്‍ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കോളിഫോം ബാക്ടീരിയ
മനുഷ്യ വിസര്‍ജ്യങ്ങളില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയ ഉള്‍പ്പെടുന്ന സൂക്ഷ്മ ജീവികളെയാണ് കോളിഫോം എന്ന് അറിയപ്പെടുന്നത്. ഈ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ജലം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമല്ല. നദികളിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളേക്കാളേറെ സെപ്റ്റിക് ടാങ്ക് മാലിന്യമാണ് കോളിഫോം ബാക്ടീരിയയുടെ തോത് വല്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നത്. ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. ചെറിയ സ്ഥലത്ത് വീട് വെക്കുമ്പോള്‍ കിണറുകളും ബോര്‍വെല്ലുകളുമൊക്കെ കക്കൂസ് ടാങ്കിന്റെ അടുത്തുതന്നെ നിര്‍മിക്കേണ്ടിവരുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് കോളിഫോം ബാക്ടീരിയകള്‍ ജലാശയങ്ങളിലേക്ക് എത്തിപ്പെടുന്നത്. കിണറുകളും സെപ്റ്റിക് ടാങ്കുകളും തമ്മിലുള്ള അകലം കുറഞ്ഞത് 15 മീറ്ററെങ്കിലും ഉണ്ടാകണമെന്നാണ് നിയമം. എന്നാല്‍ പിന്നീട് അത് ഏഴ് മീറ്ററായി കുറച്ചു. ഇവ തമ്മില്‍ ആവശ്യത്തിന് അകലമുണ്ടെങ്കില്‍ മാത്രമേ മലിനജലം കൃത്യമായി അരിച്ചിറങ്ങി മാലിന്യങ്ങളെ ഒഴിവാക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. കൂടാതെ കക്കൂസ് മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നതും കോളിഫോം ബാക്ടീരിയകളുടെ വര്‍ധനവിന് കാരണമാകുന്നു.
ദൈവത്തിന്റെ സ്വന്തം നാട്
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിനായി 1989ല്‍ ഇന്ത്യന്‍ പരസ്യ കമ്പനിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വാള്‍ട്ടര്‍ മെന്‍ഡസ് തയ്യാറാക്കിയ പരസ്യവാചകമാണ് “ദൈവത്തിന്റെ സ്വന്തം നാട്’ എന്നത്. ഒരുപക്ഷേ, ലോകത്തെ ഏത് നാടിനേക്കാളും ഹരിതാഭയേറിയ പ്രദേശമായി കേരളത്തെ കരുതപ്പെട്ടതിന്റെ ഏറ്റവും പ്രധാന കാരണം കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ തണ്ണീര്‍ത്തടങ്ങളാണ്. തലങ്ങും വിലങ്ങും ഒഴുകുന്ന നദികള്‍, തടാകങ്ങള്‍, കായലുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിങ്ങനെ ജലാശയങ്ങള്‍ നിറഞ്ഞ നാടാണ് കേരളം. കേരളത്തിന്റെ കാലാവസ്ഥയെ വലിയൊരളവില്‍ നിയന്ത്രിച്ചിരുന്നതും ഈ ജലാശയങ്ങളായിരുന്നു. ശുദ്ധമായ ജലം ഒഴുകുന്ന, ഓരോ ജീവിയുടെയും എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകുന്ന തരത്തില്‍ ജലം ഉള്‍ക്കൊള്ളുന്ന ജലാശയങ്ങള്‍. ഈ നദികളുടെ തീരത്താണല്ലോ നമ്മുടെ സംസ്‌കാരങ്ങള്‍ പോലും രൂപപ്പെട്ടത്.
എന്നാല്‍ ഇന്ന് ആ നദികളുടെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കും നേരിട്ടറിയാവുന്ന കാര്യമാണ്. അത്രമേല്‍ മലിനമായ ജലമാണ് ഓരോ നദികളിലൂടെയും ഒഴുകുന്നത്. മനുഷ്യര്‍ വലിച്ചെറിയുന്ന ചപ്പുചവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അറവു മാലിന്യങ്ങള്‍ എന്നുവേണ്ട എന്തും വലിച്ചെറിയാനുള്ള ഇടമായി നമ്മുടെ ജലാശയങ്ങള്‍ മാറിയിരിക്കുകയാണ്. മാലിന്യമാകാത്ത ഒരൊറ്റ ജലാശയം പോലും ഇന്ന് സംസ്ഥാനത്തില്ല എന്നതാണ് വാസ്തവം. പെരിയാറും പമ്പയുമൊക്കെ പതിനായിരക്കണക്കിന് ജനങ്ങളുടെ ജലാശ്രയമായി മാറുമ്പോഴും, ഒന്ന് കാല്‍ കഴുകാന്‍ പോലും ആ ജലം കൊണ്ട് ഇന്ന് ഉപയോഗമില്ലാതാകുന്നു എന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ദിനംപ്രതി മലിനമാകുന്ന കുട്ടനാട്
മലയാളിയുടെ അഭിമാനമാണ് പ്രകൃതിയോട് അത്രമേല്‍ അടുത്തുനില്‍ക്കുന്ന കുട്ടനാട് എന്ന പ്രദേശം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കുട്ടനാട്. ജലാശയങ്ങളെക്കൊണ്ട് സമ്പുഷ്ടമാണ് ഈ നാട്. ഈ സമ്പുഷ്ടത ധാരാളം ആളുകളെ കുട്ടനാട്ടിലേക്ക് ആകര്‍ഷിക്കുമ്പോഴും ഇവിടെ ഇന്നത്തെ സ്ഥിതി ഏറെ പരിതാപകരമാണ്.
വെള്ളത്താല്‍ ചുറ്റപ്പെടുമ്പോഴും, ഇവിടെയുള്ള രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം അന്യമാണ്. സമുദ്ര നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് സ്വതഃസിദ്ധമായ നെല്‍കൃഷിക്കും അതുള്‍ക്കൊള്ളുന്ന പാടങ്ങള്‍ക്കും പ്രശസ്തമാണ്. എന്നാല്‍ അനിയന്ത്രിതമായി ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളും കീടനാശിനികളും അതേയളവില്‍ തന്നെ അടുത്തുള്ള ജലാശയങ്ങളിലേക്ക് എത്തിപ്പെടുകയാണ്. എന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ ഈ ജലം കുടിക്കാനും കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമൊക്കെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ജനത.
നമ്മള്‍ ചെയ്യേണ്ടത്
ജലാശയങ്ങള്‍ ഇത്തരത്തില്‍ മാറ്റിയത് മനുഷ്യനാണെങ്കില്‍, അതിനുള്ള പരിഹാരവും മനുഷ്യന്‍ തന്നെ കണ്ടെത്തേണ്ടിവരും. അങ്ങനെയൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ നാം അല്ല, നമ്മുടെ അടുത്ത തലമുറയാണ് അനുഭവിക്കാന്‍ പോകുന്നത്. ജലം അന്യമായ, ഒരിറ്റു ജലത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്ന ആഫ്രിക്കന്‍ രാജ്യക്കാരുടെ ചിത്രങ്ങളും വാര്‍ത്തകളും നമുക്ക് ഇതുവരെ വെറും കഥകള്‍ മാത്രമായിരുന്നെങ്കില്‍ നാളെ അത് അതേയളവില്‍ ഇവിടെയും സംഭവിക്കാന്‍ പോകുകയാണ്. നാളെയല്ല, ഇന്ന് തന്നെ സംഭവിച്ചെന്നും വരാം. അതുകൊണ്ട് തന്നെ മനുഷ്യന്റെ അടിയന്തരമായ ഇടപെടലുകള്‍ ഈ വിഷയം ആവശ്യപ്പെടുന്നുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ശബ്ദങ്ങളും പരിസ്ഥിതിക്ക് വേണ്ടിയുള്ള എഴുത്തുകളും കുന്നുകൂടുന്നതല്ലാതെ മനുഷ്യന്റെ മനഃസ്ഥിതിയില്‍ മാറ്റം വരുന്നതായി കാണുന്നില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, വാക്കുകള്‍ കൊണ്ടോ ശബ്ദം കൊണ്ടോ അല്ല, നമ്മുടെ പ്രവൃത്തികള്‍ കൊണ്ട് മാറ്റം വരുത്തുകയാണ് ആവശ്യം. ഒരേസമയം മറ്റുള്ളവരിലേക്ക് ജലാശയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നത് മാത്രമല്ല, നമ്മുടെ ഓരോ പ്രവൃത്തിയും അതിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കപ്പെടുന്ന തരത്തില്‍ കൂടി ആയിരിക്കുക എന്നതാണ് പ്രധാനം. ജലാശയങ്ങള്‍ ഏറെക്കുറെയും നമുക്ക് ഈ ആയുസ്സില്‍ തന്നെ തിരിച്ച് പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ മാറിപ്പോയിട്ടുണ്ട്.
പുഴകള്‍ മലിനമായി എന്ന് മാത്രമല്ല, സ്വച്ഛമായി ഒഴുകാന്‍ പോലും കഴിയാത്ത തരത്തില്‍ അതിന്റെ ഒഴുക്കിനെ മനുഷ്യന്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. പുഴകളും കായലുകളും വലിയ നിലയില്‍ നികത്തപ്പെട്ടിരിക്കുന്നു. കായലുകളുടെ വലിപ്പത്തില്‍ വലിയ കുറവാണ് കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഇതൊക്കെ ഇനി തിരിച്ചെടുക്കുക എന്നത് പ്രായോഗികമായി നടക്കാന്‍ സാധ്യത വിദൂരമാണ്. എന്നിരുന്നാലും ഇനിയെങ്കിലും ജലാശയങ്ങള്‍ മലിനമാക്കാതിരിക്കാനും മലിനമായവയെ വൃത്തിയാക്കി പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും പരിശ്രമിക്കേണ്ടതുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നൊക്കെ അതിനായി ചില നല്ല ശ്രമങ്ങള്‍ ഉയര്‍ന്നുവരുന്നത് പ്രതീക്ഷാജനകമാണ്.
സര്‍ക്കാറിനും ബാധ്യതയുണ്ട്
നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സമൂഹത്തെയാകെ പൊതുവില്‍ ബാധിക്കുന്ന പ്രശ്‌നമാകയാല്‍ സര്‍ക്കാറിന് മാലിന്യ നിര്‍മാര്‍ജനത്തിലും ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിലും വലിയ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തവും പിന്തുണയുമില്ലാതെ സര്‍ക്കാറിനും ഒന്നും ചെയ്യാനാകില്ല.
മാലിന്യ സംഭരണത്തിനായി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് സര്‍ക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ അതത്ര എളുപ്പമുള്ള ജോലിയല്ല. കേന്ദ്രീകൃതമായ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഓരോയിടങ്ങളിലും പ്രാദേശികമായി വലിയ എതിര്‍പ്പുകളാണ് സര്‍ക്കാറിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ പ്രശ്‌നങ്ങളെയൊക്കെ മുന്നില്‍ കണ്ടാണ് കേന്ദ്രീകൃതമായ സംവിധാനത്തേക്കാള്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അത് ഇതുവരെ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് സംസ്ഥാനത്തെവിടെയും ശരിയായ സംവിധാനം നിലവിലില്ല. നഗരപ്രദേശങ്ങളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കക്കൂസ് മാലിന്യങ്ങളുടെ ഉറവിടസംസ്‌കരണം ബുദ്ധിമുട്ടാണ്. അതിനായി ജനവാസമില്ലാത്ത പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് സര്‍ക്കാര്‍ കേന്ദ്രീകൃതമായ സംവിധാനം ഒരുക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ മാലിന്യ നിര്‍മാര്‍ജന യജ്ഞം കൂടി അതേയളവില്‍ കൊണ്ടുപോയാല്‍ മാത്രമേ കേരളം യഥാര്‍ഥ വികസനം നേടാന്‍ പ്രാപ്തമാകുകയുള്ളൂ.
മാലിന്യ പ്രശ്‌നങ്ങളിലെ അസമത്വം
മലിനീകരണം മാനവരാശിയോടുള്ള പൊതുകുറ്റകൃത്യമാണെന്നും ദരിദ്രരായ ജനങ്ങളാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നതെന്നും ഇത് തടയുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെടുകയാണെന്നും പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയത് ഈയിടെയാണ്. ധനികരായ രാജ്യങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണിന്റെ പ്രശ്‌നങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ അനുഭവിക്കുന്നതു പോലെ തന്നെ മലിനീകരണത്തിന്റെയും ദൂഷ്യഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് പാവപ്പെട്ടവര്‍ തന്നെയാണ്. ഈ അസമത്വം മറികടക്കാന്‍ മലിനീകരണത്തെ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം.
ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകുമെങ്കില്‍ അത് ജലത്തെച്ചൊല്ലിയാകുമെന്നുള്ള പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജലാശയങ്ങള്‍ ഇത്തരത്തില്‍ മലിനപ്പെടുകയും ഒരിറ്റു കുടിവെള്ളത്തിനായി മനുഷ്യന്‍ കേഴുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അത് മനുഷ്യരാശിയുടെ തന്നെ തുടച്ചുനീക്കലിലേക്കാകും ഭാവിയില്‍ വഴിതുറക്കുക.