Connect with us

National

താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; കണ്ടെത്താന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നെട്ടോട്ടം

പെണ്‍കുട്ടികള്‍ സലൂണില്‍ നിന്നു മുടിമാറ്റം വരുത്തി മുംബൈ സി എസ് ടിയില്‍ നിന്ന് പന്‍വേലിലേക്ക് എത്തിയെന്ന് സൂചന

Published

|

Last Updated

മുംബൈ | മലപ്പുറം താനൂരില്‍ നിന്ന് കാണാതായി മുംബൈയില്‍ എത്തിയ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താന്‍ മുംബൈ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നെട്ടോട്ടം. പെണ്‍കുട്ടികള്‍ മുംബൈ സി എസ് ടിയില്‍ നിന്ന് പന്‍വേലിലേക്ക് എത്തിയെന്ന് സൂചന. നേരത്തെ ഇവരുടെ ഫോണിന്റെ നിര്‍ണായക ലൊക്കേഷന്‍ പോലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് ഇവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ മുംബൈയിലെ മലയാളി അസോസിയേഷനും കൈമാറി. ഇതുപ്രകാരം അര്‍ധ രാത്രികഴിഞ്ഞും തിരച്ചിലിലാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. പെണ്‍കുട്ടികളുടെ കൈയ്യില്‍ധാരാളം പണം ഉണ്ടെന്നാണ് സൂചന. അതിനാല്‍ ഉയര്‍ന്ന ഹോട്ടലില്‍ ഇവര്‍ മുറിയെടുത്തിട്ടുണ്ടാവുമെന്നും കരുതുന്നു.

അസോസിയേഷന്‍പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പന്‍വേലിലാണ് തെരച്ചില്‍ തുടരുന്നത്. രാത്രി പത്തരയോടെയാണ് ഇവരുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ലഭിച്ച് തുടങ്ങിയത്. ഇവര്‍ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ പോലീസിന് ലഭിച്ചു. അപ്പോള്‍ ഫോണ്‍ മുംബൈ സി എസ് ടി റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു. പിന്നീട് തുടര്‍ച്ചയായി ലൊക്കേഷന്‍ ലഭിച്ചു. സി എസ് ടിയില്‍ നിന്ന് ഇവര്‍ പന്‍വേലിലേക്ക് വരികയാണെന്നാണ് ലൊക്കേഷന്‍ ട്രാക്ക് ചെയ്തപ്പോള്‍ മനസിലായത്. ഇതിനിടെ ഇവര്‍ നേരത്തെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വിളിച്ച് തങ്ങള്‍ പന്‍വേലിലേക്ക് വരികയാണെന്നും പറഞ്ഞു.

ഇതോടെ പെണ്‍കുട്ടികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.പന്‍വേലിലേക്ക് സി എസ് ടിയില്‍ നിന്ന് എത്തുന്ന ട്രെയിനുകളെല്ലാം മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണ്. പുതിയ ടവര്‍ ലൊക്കേഷനുകള്‍ കേരള പോലീസ് കൈമാറുകയും ചെയ്യുന്നുണ്ട്. റെയില്‍വെ പോലീസും ഇവരെ സഹായിക്കുന്നുണ്ട്. ഇന്ന് രാത്രി തന്നെ കുട്ടികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ പോലീസ് പങ്കുവെയ്ക്കുന്നുണ്ട്.
കാണാതായ രണ്ട് പെണ്‍കുട്ടികള്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ മുംബൈയിലെ ലാസ്യ സലൂണിലെത്തിയിരുന്നു. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത ഇവര്‍ക്ക് മലയാളം മാത്രമാണ് അറിയുമായിരുന്നത്.

മുടി സ്‌ട്രൈറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് ഇരുവരും പറഞ്ഞത്. നീളമുള്ള മുടി മുറിച്ച് അതിനുള്ള ട്രീറ്റ്‌മെന്റ് ചെയ്തു. കൂടെ ആരും ഉണ്ടായിരുന്നില്ല. പേരും കോണ്‍ടാക്ട് നമ്പറും ചോദിച്ചപ്പോള്‍ ഫോണ്‍ കാണാതായെന്ന് പറഞ്ഞ് പേര് മാത്രം നല്‍കി.

സമയം വൈകിയെന്നും ട്രീറ്റ്‌മെന്റ് ഇടയ്ക്ക് നിര്‍ത്താനും പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോള്‍ മുഴുവനായി ചെയ്യണമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇരുവരും സലൂണില്‍ പണം നേരിട്ട് നല്‍കുകയായിരുന്നു. ഇവരുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. രണ്ട് പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്‌മെന്റ് ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നതെന്നും പന്‍വേലിലേക്ക് പോകുമെന്നും സലൂണ്‍ അധികൃതര്‍ പോലീസിനു വിവരം നല്‍കി.

---- facebook comment plugin here -----

Latest