Connect with us

Kerala

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്

Published

|

Last Updated

മുംബൈ മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ട്രെയിന്‍ യാത്രക്കിടെ മുംബൈ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് ആര്‍പിഎഫ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂണ്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയര്‍ ഹോമിലേക്ക് മാറ്റും.

മുംബൈയില്‍ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെണ്‍കുട്ടികള്‍. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കുട്ടികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. നടപടികൾ പൂർത്തിയാക്കി കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരള പൊലീസിന് കൈമാറും.

പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഫോണ്‍ ലൊക്കേഷനാണ്.
വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും നാട്ടില്‍ വന്നാലും വീട്ടിലേക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകന്‍ സുധീറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു ജോലി ശരിയാക്കി തരുമോയെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളെ കണ്ടെത്തുന്നതിന് മുന്‍പായിരുന്നു സുധീറുമായി സംസാരിച്ചത്.

തങ്ങള്‍ക്ക് 18 വയസ് ആയിട്ടുണ്ട്. വീട്ടുകാര്‍ വയസ് കുറച്ചേ പറയൂ.വെന്ന് ഇവര്‍ പറയുന്നു. വീട്ടുകാര്‍ അടിക്കുകയും വഴക്ക് പറയുകയും ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറും. പിന്നീട് വീണ്ടും പഴയതുപോലെയാകുമെന്നും കുട്ടികള്‍ പറയുന്നു. എന്തെങ്കിലും സഹായം വേണമെന്ന് ചോദിക്കുമ്പോള്‍ താമസിക്കാന്‍ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് പറയുന്നു. അതേസമയം വീട്ടുകാരുമായി സംസാരിക്കുമ്പോള്‍ കുട്ടികളുമായി വലിയ പ്രശ്‌നങ്ങളില്ലെന്നാണ് മനസിലാകുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാര്‍ത്ഥികളെ കാണാതായത്. കുട്ടികള്‍ സ്‌കൂളില്‍ നിന്നാണ് കടന്നുകളഞ്ഞത്. സ്‌കൂളില്‍ എത്തി പരീക്ഷ എഴുതാതെ ഇവര്‍ നാട് വിടുകയായിരുന്നു.