Kerala
കാണാതായ തപാൽ വോട്ടുപെട്ടി കണ്ടെത്തി
സർവീസ് വോട്ടുപെട്ടികൾ ഹൈക്കോടതിയിലേക്ക് നീക്കുന്നതിനിടെയാണ് ആശങ്ക ഉയർന്നത്

മലപ്പുറം | പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ കാണാതായ തപാൽ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോ. രജിസ്റ്റ്രാറുടെ ഓഫീസിൽ നിന്നാണ് ബാലറ്റ് പെട്ടി കണ്ടെത്തിയത്. വോട്ടുപെട്ടികൾ ഹൈക്കോടതിയിലേക്ക് നീക്കുന്നതിനിടെയാണ് വോട്ടുപെട്ടി എവിടെയെന്ന ആശങ്ക ഉയർന്നത്.
38 വോട്ടുകൾക്കാണ് പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. സർവീസ് വോട്ടുകൾ എണ്ണാത്ത സാഹചര്യത്തിൽ നജീബിൻ്റെ വിജയം അസാധുവാക്കണമെന്ന് എതിർസ്ഥാനാർഥിയായിരുന്ന കെ പി മുസ്തഫ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ ഒപ്പില്ലാത്തത് മൂലമാണ് സർവീസ് വോട്ടുകൾ എണ്ണാതിരുന്നത്. ഈ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഒരു പെട്ടിയിലെ തപാൽ വോട്ടകൾ കാണാനില്ലെന്നത് അറിയുന്നത്. മൂന്ന് പെട്ടികളിലായിട്ടാണ് 348 വോട്ടുകൾ സൂക്ഷിച്ചിരുന്നത്.