Kerala
കാണാതായ സൈനികന്‍ വിഷ്ണു പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ദിവസത്തെ അവധിയെടുത്തതായി കണ്ടെത്തി
എലത്തൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി മൊഴിയെടുത്തു
കോഴിക്കോട് | കാണാതായ എലത്തൂര്‍ സ്വദേശിയായ സൈനികന്‍ വിഷ്ണു പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇരുപത് ദിവസത്തെ അവധിയെടുത്തതായി കണ്ടെത്തി. എലത്തൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ക്യാമ്പില്‍ വിഷ്ണുവിന് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ഈ മാസം 16നാണ് വിഷ്ണു ക്യാമ്പില്‍ നിന്ന് പോയത്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. അവധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്.
എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. എ ടി എം കാര്‍ഡ് ഉപയോഗിച്ച് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.