Connect with us

Kerala

കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ കെ എസ് ആര്‍ ടി സി ബസില്‍ കണ്ടെത്തി; നാടോടി സ്ത്രീ കസ്റ്റഡിയില്‍

കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദാ മന്‍സിലില്‍ സാഹിറയുടെ മകള്‍ സിയാനയെയാണ് തമിഴ്നാട്ടുകാരിയായ ദേവി എന്ന നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | കൊല്ലത്ത് നിന്നും കാണാതായ മൂന്നര വയസ്സുകാരിയെ കെ എസ് ആര്‍ ടി സി ബസില്‍ കണ്ടെത്തി. കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദാ മന്‍സിലില്‍ സാഹിറയുടെ മകള്‍ സിയാനയെയാണ് തമിഴ്നാട്ടുകാരിയായ ദേവി എന്ന നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തിയത്.

പന്തളം പോലീസ് സ്റ്റേഷനില്‍ ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കെ എസ് ആര്‍ ടി സി ബസില്‍ നിന്നും എത്തിച്ച നാടോടി സ്ത്രീയെയും പെണ്‍കുട്ടിയെയും കൊല്ലം പിങ്ക് പോലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ കുട്ടി ഇവരുടേതല്ലെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദാ മന്‍സിലില്‍ സാഹിറയുടെ കാണാതായ മകളാണ് ഇതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ മാതാവിന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും വ്യക്തമായി.

മാതാവിനൊപ്പം കൊല്ലം ബീച്ച് കാണാനെത്തിയതായിരുന്നു കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പന്തളത്തു നിന്നും തൃശൂരിലേക്കു പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന നാടോടി സ്ത്രീയുടെ കൂടെ സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ട് ബസ് ജീവനക്കാര്‍ പന്തളം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയാണുണ്ടായത്.

തികളാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. മാതാവ് കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലുള്ളതായി പന്തളം പോലീസിന് വിവരം ലഭിക്കുകയായിരുന്നു. നാടോടി സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ മകളാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ പേരും മറ്റും വെളിപ്പെടുത്തി. തുടര്‍ന്ന് പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തി. സ്ത്രീയുടെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

Latest