Kerala
കാണാതായ രണ്ടുവയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടി കിടന്നത്. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ പറഞ്ഞു
തിരുവനന്തപുരം | കാണാതായ രണ്ടുവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടി കിടന്നത്. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. കുഞ്ഞിന്റെ അപ്പൂപ്പന്‍ മരിച്ച് 16 അടിയന്തര ചടങ്ങ് നടക്കുകയിരുന്നു.
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്താണ് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ രാവിലെ കാണുന്നില്ല എന്ന പരാതി ഉയര്‍ന്നത്. തിരച്ചിലിനിടെ വീട്ടിലെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. സംഭവത്തില്‍ സംശയിക്കുന്ന ആളെ ചോദ്യം ചെയ്തുവരുകയാണെന്ന് നെയ്യാറ്റിന്‍കര ഡിവൈ എസ് പി പറഞ്ഞു.
കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ബാലരാമപുരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സുമെത്തി കിണറ്റില്‍ പരിശോധന നടത്തുകയായിരുന്നു.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരന്‍ കിടന്ന മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു. തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. വിന്‍സെന്റ് എം എല്‍ എ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി.