Connect with us

National

ദൗത്യം പൂർത്തിയായി; ചന്ദ്രയാൻ മൂന്നിനെ 'ഉറങ്ങാൻ' വിട്ട് ഐഎസ്ആർഒ

റോവറിനെ സുരക്ഷിതമായി പാർക്ക് ചെയ്‌ത് സ്ലീപ് മോഡിലേയ്ക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ. APXS, LIBS എന്നീ രണ്ട് പേലോഡുകളും ഡീകമ്മീഷൻ ചെയ്തു.

Published

|

Last Updated

ബംഗളൂരു| ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യത്തിന്ത താൽകാലിക വിരാമം. ചന്ദ്രനിൽ സൂര്യാസ്തമയമായതോടെ ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക് പ്രവേശിച്ചു. റോവറിനെ സുരക്ഷിതമായി പാർക്ക് ചെയ്‌ത് സ്ലീപ് മോഡിലേയ്ക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. APXS, LIBS എന്നീ രണ്ട് പേലോഡുകളും ഡീകമ്മീഷൻ ചെയ്തു. ഈ പേലോഡുകളിൽ നിന്നുള്ള വിവരങ്ങൾ ലാൻഡറിലൂടെ ഭൂമിയിലേക്ക് കൈമാറി.

ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയിട്ട് 11 ദിവസം പിന്നിട്ടതോടെയാണ് ദൗത്യം പൂർത്തിയാക്കുന്നത്. ഇപ്പോൾ ചന്ദ്രനിൽ സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് ദിവസം കഴിഞ്ഞാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇരുട്ട് വീഴും. സൂര്യപക്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രഗ്യാൻ റോവറും ലാൻഡറും പ്രവർത്തിക്കുന്നത്. ചന്ദ്രനിൽ രാത്രയാകുന്നതോടെ സൂര്യപ്രകാശം ലഭിക്കാതാവുകയും ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് റോവറിനെ ഉറങ്ങാൻ വിട്ടിരിക്കുന്നത്.

ഇരുൾ മൂടുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില മൈനസ് 238 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. വിക്രമിനും പ്രഗ്യാനും ഇത്രയും തണുപ്പ് സഹിച്ച് വീണ്ടും നിൽക്കാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. സെപ്തംബർ 22നാണ് ചന്ദ്രനിൽ അടുത്ത സൂര്യോദയം. ഭാഗ്യമുണ്ടെങ്കിൽ പ്രഗ്യാൻ റോവറും ലാൻഡറുമെല്ലാം അന്ന് ഉറക്കിൽ നിന്ന് എഴുന്നേൽക്കും. അല്ലെങ്കിൽ ഈ ഉറക്കം എന്നെന്നേക്കുമുള്ള ഉറക്കമായി മാറുകയും ചെയ്യും.

ചാന്ദ്ര ദിനത്തിൽ, ചന്ദ്രന്റെ തെക്ക് ഭാഗത്ത് തുടർച്ചയായ സൂര്യപ്രകാശം ലഭിക്കുന്നു, ഇത് ഈ മുഴുവൻ ദൗത്യവും പൂർത്തിയാക്കുന്നതിന് വളരെ പ്രധാനമാണ്. ഇക്കാരണത്താൽ, ചാന്ദ്ര ദിനം ആരംഭിച്ചയുടനെ ഓഗസ്റ്റ് 23 ന് ശാസ്ത്രജ്ഞർ ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി.
പ്രഗ്യാൻ റോവർ അതിന്റെ ജോലി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇത് ഇപ്പോൾ സുരക്ഷിതമായി പാർക്ക് ചെയ്‌ത് സ്ലീപ്പ് മോഡിലേക്ക് സജ്ജീകരിച്ചിരിക്കുന്നു.