Connect with us

operation arikomban

മിഷൻ അരിക്കൊമ്പൻ: ഒരുക്കം തുടങ്ങി, ജാഗ്രതയോടെ ദൗത്യസംഘം

ഇക്കുറി അതീവ രഹസ്യമായി ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താനാണ് നീക്കം.

Published

|

Last Updated

ഇടുക്കി | ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട് സർക്കാറിന് കൈമാറിയതോടെ ദൗത്യത്തിന് വീണ്ടും ജീവൻ വെച്ചു. സംഘത്തിലെ അംഗങ്ങളോട് മടങ്ങി എത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ അടക്കമുള്ളവർ ഉടൻ മൂന്നാറിലെത്തുമെന്നാണ് വിവരം.

മാറ്റുന്നതിനായി തിരുവനന്തപുരം നെയ്യാർ വനവും പരിഗണനയിലുണ്ടെങ്കിലും തേക്കടി വനത്തിന് തന്നെയാണ് മുൻഗണന. പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനം പുറത്തായതോടെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇക്കുറി അതീവ രഹസ്യമായി ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താനാണ് നീക്കം. രാവിലെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം ലോറിയിൽ കയറ്റും. ഇടക്കിടെ ശരീരത്തിൽ വെളളം ഒഴിച്ചുകൊണ്ടിരിക്കും. ശരീരം ചൂടായാൽ മയക്കുമരുന്നിന്റെ ഫലം കുറയാനും ആന മയക്കം വിട്ടുണരാനും സാധ്യതയുണ്ട്.

വാഹനത്തിൽ കയറ്റുന്നത് വരെ എത്തിക്കേണ്ട സ്ഥലം ഉന്നത ഉദ്യോഗസ്ഥർ രഹസ്യമാക്കി വെക്കും. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി ഇന്നലെ വൈകിട്ട് കൈമാറിയത്. നേരത്തേ വിഷയത്തിൽ ഹൈക്കോടതി നടപടി എടുത്തതോടെ സർക്കാർ വെട്ടിലായിരുന്നു. സുപ്രീം കോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല.

---- facebook comment plugin here -----

Latest