From the print
മിസോറാമും ഛത്തീസ്ഗഢും ഇന്ന് ബൂത്തിലേക്ക്
മിസോറാമിലെ മുഴുവന്‍ സീറ്റുകളിലേക്കും ഛത്തീസ്ഗഢിലെ 90ല്‍ 20 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് നാന്ദി കുറിക്കും. മിസോറാമിലെ മുഴുവന്‍ സീറ്റുകളിലേക്കും ഛത്തീസ്ഗഢിലെ 90ല്‍ 20 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലാണ് പോരാട്ടം. ആം ആദ്മി പാര്‍ട്ടി 57 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടിയായ ജി ജി പിയുമായി സഹകരിച്ചാണ് മായാവതിയുടെ ബി എസ് പി ജനവിധി തേടുന്നത്. മിസോറാമില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് പ്രചാരണത്തിനിറങ്ങിയ മിസോ നാഷനല്‍ ഫ്രണ്ടിന് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രധാനപ്രതിപക്ഷമായ സോറാം പീപിള്‍സ് മൂവ്മെന്റ് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഭരണവിരുദ്ധ വികാരം ഇല്ലെന്ന ആത്മവിശ്വാസത്തിലാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്സും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും മത്സരിക്കുന്നത്. ഛത്തീസ്ഗഡില്‍ 2018ല്‍ കൈവിട്ട ഭരണം തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് ബി ജെ പി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 17ന് നടക്കും.
മധ്യപ്രദേശില്‍ 17നും രാജസ്ഥാനില്‍ 25നും തെലങ്കാനയില്‍ 30നും വോട്ടെടുപ്പ് നടക്കും. അടുത്ത മാസം മൂന്നിനാണ് ഫല പ്രഖ്യാപനം.