National
കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പിണറായിയെ പിന്തുണച്ച് എം കെ സ്റ്റാലിന്‍
പിണറായി വിജയന്‍, മമതാ ബാനര്‍ജി തുടങ്ങി ഇന്ത്യന്‍ ഭരണഘടനയില്‍ ശക്തമായി വിശ്വസിക്കുന്ന മറ്റ് നേതാക്കളും ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം ആവശ്യപ്പെടുന്നതില്‍ ഒന്നിച്ച് നില്‍ക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ചെന്നൈ | കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന പ്രതിഷേധത്തില്‍ പൂര്‍ണ പിന്തുണ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയനു കത്തയച്ചു. കേന്ദ്രത്തിനെതിരെ ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ കേരളം നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് മുന്നോടിയായാണ് എം കെ സ്റ്റാലിന്‍ കത്തയച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഡി എം കെ പങ്കെടുക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. സംസ്ഥാന സ്വയംഭരണം നേടിയെടുക്കും വരെ നമ്മുടെ ശബ്ദം അവസാനിക്കില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
പിണറായി വിജയന്‍, മമതാ ബാനര്‍ജി തുടങ്ങി ഇന്ത്യന്‍ ഭരണഘടനയില്‍ ശക്തമായി വിശ്വസിക്കുന്ന മറ്റ് നേതാക്കളും ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം ആവശ്യപ്പെടുന്നതില്‍ ഒന്നിച്ച് നില്‍ക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാന സ്വയംഭരണ ആവശ്യം ഇല്ലാതാക്കാന്‍ ബി ജെ പിക്ക് കഴിയില്ല. ധനകാര്യത്തിലും ഭരണത്തിലും സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അതിനുള്ള സമയം വന്നെത്തിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കുറച്ച് കൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കേരളം കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.