Kerala
കാട്ടാളന്മാരായ ചില പോലീസ് ഉദ്യോഗസ്ഥരാണ് പെരുമ്പടപ്പിലേതെന്ന് എം എല്‍ എ
വിദ്യാര്‍ഥിനികളെ പോലീസ് ആക്രമിച്ചതില്‍ അമര്‍ഷം

മാറഞ്ചേരി | കാട്ടാളന്മാരായ ചില പോലീസ് ഉദ്യോഗസ്ഥരാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലുള്ളതെന്നും അവരെ സര്‍ക്കാര്‍ ശിക്ഷിക്കണമെന്നും പൊന്നാനി എം എല്‍ എ. പി നന്ദകുമാര്‍. എരമംഗലത്തെ പുഴക്കല്‍ പൂരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികളെ പോലീസ് മൃഗീയമായി ആക്രമിച്ചതിനെതിരെയാണ് എം എല്‍ എയുടെ പരാമര്‍ശം.
സംസ്ഥാന സര്‍ക്കാറിന്റെ ജനകീയ നയങ്ങള്‍കെതിരെയാണ് പെരുമ്പടപ്പ് പോലീസ് പ്രവര്‍ത്തിക്കുന്നത്.
പോലീസിന്റെ പ്രാകൃതമായ നടപടികള്‍ ഒരിക്കലും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണിതെന്നും എം എല്‍ എ പറഞ്ഞു.
അര്‍ധരാത്രി സാധാരണ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ വീടുകളിലെത്തിയാണ് കുട്ടികളെയും പ്രായമായവരെയും സ്ത്രീകളുടെ മുന്നിലിട്ട് ആക്രമിച്ചത്. വനിതാ പോലീസ് പോലും മോശമായ രീതിയിലാണ് പെരുമാറിയത്. അതിനാല്‍ സര്‍ക്കാര്‍ ഈ കാട്ടളന്‍മാരായ പോലീസുകാര്‍കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ എടുക്കണമെന്ന് എം എല്‍ എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.