Articles
എം എം ഹനീഫ് മൗലവി: തെക്കന്‍ കേരളത്തിലെ സമസ്തയുടെ കരുത്ത്
സമസ്ത പുനഃസംഘടിപ്പിക്കുന്നതിന് മുമ്പ് തന്നെ തെക്കന്‍ കേരളത്തില്‍ സമസ്തക്കും സുന്നി യുവജന സംഘത്തിനും അടിത്തറയുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
എന്റെ ദീര്‍ഘകാല സുഹൃത്തും പരിചയപ്പെട്ട നാള്‍ മുതല്‍ സുന്നി പ്രാസ്ഥാനിക മണ്ഡലം ശക്തിപ്പെടുത്തുന്നതിന് ഓടിനടന്നിരുന്ന വ്യക്തിയുമാണ് ഡോ. എം എം ഹനീഫ് മൗലവി ആലപ്പുഴ. സുന്നി യുവജന സംഘത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തില്‍ ഞാന്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയ ആദ്യകാലം മുതല്‍ ഞങ്ങള്‍ക്കിടയില്‍ അടുത്ത പരിചയമുണ്ട്. സമസ്ത പുനഃസംഘടിപ്പിക്കുന്നതിന് മുമ്പ് തന്നെ തെക്കന്‍ കേരളത്തില്‍ സമസ്തക്കും സുന്നി യുവജന സംഘത്തിനും അടിത്തറയുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഒഴിവുവേളകളും തന്റെ വാഹനവും സമ്പത്തും ആരോഗ്യവും വ്യക്തിബന്ധങ്ങളും എല്ലാം അതീവ താത്പര്യത്തോടെ സുന്നത്ത് ജമാഅത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തി.
സമസ്തയുടെ കീഴ്ഘടകമായി സുന്നി യുവജന സംഘം രൂപം കൊണ്ട നാള്‍ മുതല്‍ ബഹുജന സംഘടനയായി അതിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇ കെ ഹസന്‍ മുസ്ലിയാര്‍ക്കൊപ്പം ആലപ്പുഴയില്‍ നേരിട്ട് എത്തിയാണ് സംഘടനയുടെ ഓര്‍ഗനൈസറായി ഹനീഫ് മൗലവിയെ നിയോഗിക്കുന്നത്. അന്ന് മുതല്‍ തെക്കന്‍ കേരളത്തിന്റെ മുക്കുമൂലകള്‍ സഞ്ചരിച്ച് സമസ്തയെയും സുന്നി സംഘടനകളെയും പൊതു സമൂഹത്തിന് അദ്ദേഹം പരിചയപ്പെടുത്തി. ആ ശ്രമഫലമായാണ് തെക്കന്‍ കേരളത്തില്‍ സുന്നി സംഘടനകള്‍ക്ക് ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നത്. അവിടെ ആദ്യ ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ രൂപവത്കരിക്കുന്നതിന് കാരണമായതും അദ്ദേഹത്തിന്റെ ഇടപെടല്‍ തന്നെയാണ്. മറ്റുപല സംഘങ്ങള്‍ക്കും മേധാവിത്വമുണ്ടായിരുന്ന ഒരു പ്രദേശത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ വളക്കൂറുള്ള മണ്ണാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാകില്ല. എറണാകുളത്തിന് അപ്പുറത്തേക്ക് എസ് വൈ എസിന് ശാഖകള്‍ ഇല്ലാത്ത കാലത്താണ് അദ്ദേഹം ഈ ശ്രമങ്ങള്‍ നടത്തി വിജയിപ്പിച്ചത് എന്നോര്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സജീവതയും അധ്വാനവും നമുക്ക് ബോധ്യപ്പെടുക.
1989ലെ ചരിത്ര പ്രസിദ്ധമായ എറണാകുളം സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാളായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം സഹിച്ച ത്യാഗം പറഞ്ഞറിയിക്കാനാകാത്തതാണ്. സമ്മേളന കാലയളവില്‍ നിരവധി കൈയേറ്റങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അദ്ദേഹം വിധേയനായി. ഒന്നിലധികം തവണ വധഭീഷണിയുമുണ്ടായി. എല്ലാം സുന്നത്ത് ജമാഅത്തിന് വേണ്ടി അദ്ദേഹം സധീരം നേരിട്ടു.
സമസ്തയുടെ സമുന്നത നേതാക്കളെയെല്ലാം ആലപ്പുഴയില്‍ കൊണ്ടുവരുന്നതിനും പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്താനും ഹനീഫ് മൗലവി എപ്പോഴും ശ്രമിച്ചിരുന്നു. തെക്കന്‍ കേരളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംഘടനാ യോഗങ്ങളില്‍ പങ്കെടുത്തത് ആലപ്പുഴയിലാകാനും കാരണം അദ്ദേഹമാണ്. സംഘടനയുടെ വ്യാപനത്തിനായി അത്രയും പരിശ്രമിക്കുന്ന ഒരാള്‍ വിളിക്കുമ്പോള്‍ പോകാതിരിക്കാനാകില്ലല്ലോ. തന്റെ നാട്ടില്‍ സുന്നികള്‍ക്ക് സ്ഥാപനങ്ങള്‍ വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കിയത് സ്വന്തം വീടും ഭൂമിയും വിട്ടുനല്‍കിയാണ്. മണ്ണഞ്ചേരിയിലെ ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് പടുത്തുയര്‍ത്തുന്നതിനായി സ്വന്തം വീടും 20 സെന്റ് ഭൂമിയും വിട്ടു നല്‍കി. പ്രദേശത്ത് സുന്നികളുടെ ആദ്യ അഗതി-അനാഥാലയം പ്രവര്‍ത്തനം ആരംഭിച്ചത് ഇവിടെയാണ്. വിവിധ മത-ഭൗതിക വിദ്യാഭ്യാസ സംരംഭങ്ങളുമായി നാടിന് അഭിമാനമായി ഈ സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ആദ്യ ഉന്നത മതവിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിലും ഹനീഫ് മൗലവി തന്നെയാണ് മുന്‍കൈയെടുത്തത്. ആലപ്പുഴ നഗരത്തിലെ അസ്സയ്യിദ് ഹുസൈന്‍ മഹ്ദലി അറബിക് കോളജ് പതിറ്റാണ്ടുകളോളം ഈ രംഗത്ത് തലയുയര്‍ത്തി നിന്നു. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ഒരു പള്ളിയില്ലാതിരുന്നതിന് പരിഹാരം കാണുന്നതിലും ഹനീഫ് മൗലവിയുടെ ഇടപെടലുകള്‍ ഉണ്ടായി. പൗരപ്രമുഖരെ സംഘടിപ്പിച്ച് ആശുപത്രി ജംഗ്ഷന് സമീപം തന്നെ ഭൂമിയും കെട്ടിടവും വിലകൊടുത്ത് വാങ്ങി വിശ്വാസികളുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കുന്നതില്‍ ഹനീഫ് മൗലവിയുടെ ഇടപെടലുകള്‍ ഫലം കണ്ടു. പാലസ് ജുമാ മസ്ജിദ് എന്ന പ്രസ്തുത പള്ളിയുടെ തുടക്കം മുതല്‍ വിശ്രമജീവിതം ആരംഭിക്കുന്നതുവരെ അവിടെ ഖത്വീബായി സേവനമനുഷ്ഠിച്ചതും ഹനീഫ് മൗലവിയായിരുന്നു.
മര്‍കസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന അദ്ദേഹം എല്ലാ യോഗത്തിനും മുടങ്ങാതെ ആലപ്പുഴയില്‍ നിന്ന് കോഴിക്കോട് വരെ സ്വന്തം കാര്‍ ഓടിച്ചു വരാറുണ്ടായിരുന്നു. സിറാജ് ദിനപത്രത്തിന്റെ ആദ്യ കാല ഏജന്റും ലേഖകനുമായി പ്രവര്‍ത്തിച്ചുവന്ന ഹനീഫ് മൗലവിയുടെ ശ്രമഫലമായാണ് ജില്ലയില്‍ മാധ്യമരംഗത്ത് സിറാജിന് സവിശേഷമായ സാന്നിധ്യം ലഭിച്ചത്. എസ് വൈ എസ്, വിദ്യാഭ്യാസ ബോര്‍ഡ്, കേരള മുസ്ലിം ജമാഅത്ത് തുടങ്ങിയ സുന്നി പ്രസ്ഥാനത്തിന്റെ ഭാഗമായ ഒട്ടുമിക്ക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റിയിലും നേതൃപദവിയിലുമായി അദ്ദേഹം ദീര്‍ഘ കാലം ചെയ്ത സേവനങ്ങള്‍ പുതുതലമുറ അടുത്തറിയേണ്ടതുണ്ട്.
എസ് വൈ എസ് മാനവ സഞ്ചാരം യാത്രക്കിടെ കഴിഞ്ഞ ദിവസം മകന്‍ അബ്ദുല്‍ ഹകീം അദ്ദേഹത്തെ സന്ദര്‍ശിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. സുന്നത്ത് ജമാഅത്തിന് വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം സുന്നി കേരളത്തിന് വലിയ നഷ്ടമാണ്.