Ongoing News
ആള്‍ക്കൂട്ട അക്രമവും ജോജുവിന്റെ പ്രതിഷേധവും; വായിച്ചെടുക്കാനുണ്ട് ചിലത്
ജോജു ജോര്‍ജ് കോണ്‍ഗ്രസ് പ്രതിഷേധ കേന്ദ്രത്തില്‍ കടന്ന് നടത്തിയ ‘പ്രകടന’ത്തെ കുറിച്ച് ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണല്ലോ. ജോജു നടത്തിയ പ്രതികരണത്തിലും പ്രതിഷേധത്തിലും വിറളി പൂണ്ട സമരക്കാര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്തതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഇന്ധന വില ജനജീവിതത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന നിലയിലേക്ക് വര്‍ധിച്ചുവെന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍, നമ്മുടെ സമരരീതികളില്‍ കാതലായ മാറ്റമുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ വെറും ഷോയായി സമരങ്ങള്‍ അധപതിച്ചു പോകാന്‍ പാടില്ല. കൊവിഡും അവശ്യ സാധനങ്ങളുടെ കുതിച്ചുകയറുന്ന വിലയും മറ്റും മൂലം നട്ടംതിരിയുന്ന ജനത്തെ പരമാവധി കൂട്ടിപ്പിടിച്ചുകൊണ്ടാകണം സമരങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടത്. ഏത് പാര്‍ട്ടിയും ശ്രദ്ധിക്കേണ്ട കാര്യമാണിത്.
ജോജു മാത്രമായിരുന്നില്ല, പല അത്യാവശ്യങ്ങള്‍ക്കുമായി പോകുന്നതിനിടെ നടുറോഡില്‍ അകപ്പെട്ടുപോയതിനെ തുടര്‍ന്ന് പ്രകോപിതരായ പലരും അദ്ദേഹത്തെക്കാള്‍ ഉച്ചത്തില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു. സംയമനം പാലിച്ച് അവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി യാത്ര തുടരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് സമര നേതാക്കളുടെ ബാധ്യതയും ഉത്തരവാദിത്തവുമായിരുന്നു. അതിനു പകരം അക്രമത്തിന് നേതൃത്വം കൊടുക്കുന്ന സമീപനമാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇത്തരം നേതൃത്വം സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്?! യഥാര്‍ഥത്തില്‍ സമരമെന്നത് സമരാഭാസമായി മാറ്റുകയായിരുന്നില്ലേ?
അതവിടെ നില്‍ക്കട്ടെ, ജോജുവിന്റെ ഇടപെടലുമായി ബന്ധപ്പെട്ട ന്യായാന്യായങ്ങള്‍ എന്തായാലും അദ്ദേഹത്തിന്റെ രോഷത്തില്‍ നിന്ന് പുറത്തുവന്ന ഒരു പ്രയോഗം വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. ഒറ്റക്കൊറ്റക്കുണ്ടെങ്കില്‍ വാടാ എന്നതായിരുന്നു അത്. ആളുകള്‍ കൂട്ടം കൂടുമ്പോള്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യത്തിന് നേര്‍ക്കുയര്‍ത്തിയ വെല്ലുവിളി തന്നെയായാണ് അതിനെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നത്. കൂടെ ആളുകളുണ്ടാകുമ്പോള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പലരും ഒറ്റക്കാകുമ്പോള്‍ അസല്‍ ഭീരുക്കളായി മാറുന്നത് കാണാം. ഇവിടെയാണ് ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രം പ്രസക്തമാകുന്നത്. വിവേകത്തിനു പകരം വികാരപരമായി പെരുമാറുക എന്നതാണത്. ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം എന്ന പേരില്‍ പുസ്തകമെഴുതിയ വില്‍ഹം റീഹ് ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എം എന്‍ വിജയനും ആനന്ദുമെല്ലാം ആള്‍ക്കൂട്ടം വരുത്തുന്ന അപകടങ്ങള്‍ സംബന്ധിച്ച് ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
ആള്‍ക്കൂട്ടത്തിന്റെ പരിമിതികളെയും പ്രത്യേകതകളെയും കുറിച്ച് അപഗ്രഥിക്കാനും പഠിക്കാനുമാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ശരിയായ രാഷ്ട്രീയ നേതൃത്വം ആദ്യം തയ്യാറാകേണ്ടത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കാനും വിലയിരുത്താനും തീരുമാനങ്ങളെടുക്കാനും എടുത്ത തീരുമാനങ്ങള്‍ അതിന്റെതായ അര്‍ഥത്തില്‍, നേരായ വഴിയില്‍ നടപ്പില്‍ വരുത്താനുമുള്ള ആര്‍ജവവും ഇച്ഛാശ്ശക്തിയുമാണ് അവരില്‍ നിന്നുണ്ടാകേണ്ടത്.