Connect with us

Ongoing News

മൊബൈല്‍ ഫോണ്‍ മോഷണം; പ്രതി അറസ്റ്റില്‍

കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ട് പി ഒയില്‍ ചവിട്ടുവല്ലി മിനിമന്ദിരത്തില്‍ ശിവപ്രകാശ് (50) ആണ് പിടിയിലായത്.

Published

|

Last Updated

തിരുവല്ല | കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്നയാളുടെ പോക്കറ്റില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാളെ തിരുവല്ല പോലീസ് പിടികൂടി. കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ട് പി ഒയില്‍ ചവിട്ടുവല്ലി മിനിമന്ദിരത്തില്‍ ശിവപ്രകാശ് (50) ആണ് പിടിയിലായത്. അടൂര്‍ സ്വദേശി നൈസാമിന്റെ 1.1 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്.

ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പ്രതി ഫോണുകള്‍ മോഷ്ടിച്ചയുടന്‍ തന്നെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിക്കുകയും, നൈസാമിനെയും മറ്റും തള്ളിമാറ്റി കുതറിയോടാന്‍ ശ്രമിക്കുകയും ചെയ്തു. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസ് അറിയിച്ചതനുസരിച്ച് തിരുവല്ല സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മോഷ്ടാവില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷന്‍, ആലുവ, കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍, എറണാകുളം ഹില്‍ പാലസ്, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മോഷണ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.