Editors Pick
മൊബൈല്‍ ചതികള്‍ പലവഴി; സൂക്ഷിക്കുക
സുഹൃത്തുക്കളുടെ രണ്ടാം റിക്വസ്റ്റ് വരുമ്പോള്‍ കരുതിയിരിക്കുക. പണം കൊടുക്കും മുമ്പ് അയാളുമായി നേരിട്ടു ബന്ധപ്പെടുക. ഫെയ്ക്ക് ഐഡിക്കെതിരേ കൂട്ടമായി റിപ്പോര്‍ട്ടു ചെയ്യുക. ഇതേ ഇതിൽ നിന്ന് രക്ഷപ്പെടാൻ വഴിയുള്ളൂ.
സമീര്‍ ചെങ്ങരയുടെ ഫ്രണ്ട് റിക്വസ്റ്റ് വീണ്ടും വന്നപ്പോള്‍ അജ്മല്‍ ഒട്ടും സംശയിച്ചില്ല. രാഷ്ട്രീയ വിഷയങ്ങളിലൊക്കെ ഫെയ്സ്ബുക്കില്‍ കര്‍ശന നിലപാടെടുക്കുന്ന ആളാണല്ലോ സമീര്‍. അതിനാല്‍ പഴയ ഐ ഡി ബ്ലോക്കായിക്കാണും, പുതിയ ഐഡി തുടങ്ങിയതാവാം എന്നേ കരുതിയുള്ളൂ. അജ്മല്‍ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. പിന്നീടാണ് സമീര്‍ ഇന്‍ബോക്സില്‍ വരുന്നത്. വരവ് കുറച്ചു പണം കടം ചോദിച്ചു കൊണ്ടായതിനാല്‍ സംശയം തോന്നി. ഇംഗ്ലീഷിലാണ് ചോദ്യമെന്നത് അജ്മലിന്‍റെ സംശയം വര്‍ദ്ധിപ്പിച്ചു
സമീര്‍ നേരിട്ടു പരിചയമുള്ള ആളാണ്. ഇത്തരമൊരാവശ്യത്തിന് ഫോണോ വാട്സാപ്പോ ഉപയോഗിക്കാറാണ് പതിവ്. അതും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താറുമില്ല. സംശയം തോന്നി. സമീറിനെ വിളിച്ചു. അതിനുമുമ്പ് വേറെയും സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്രേ. ഭാഗ്യത്തിനും ആരും പണം കൊടുത്തിരുന്നില്ല.
അജ്മലിന് റിക്വസ്റ്റ് വന്ന സമീറിന്‍റെ ഐഡിയിലെ മ്യൂച്ചല്‍ ഫ്രണ്ട്സിനെ നോക്കിയപ്പോള്‍ 90% ഹിന്ദിക്കാരാണ്. ലിങ്ക് കോപ്പി ചെയ്തപ്പോഴും അത് മനസ്സിലായി. സമീറിന്‍റെ പല ഫോട്ടോകളും അതിൽ കോപ്പി ചെയ്തു വെച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് വഴിയുള്ള തട്ടിപ്പാണിത്. പലരും ഇരകളാക്കപ്പെട്ടുകഴിഞ്ഞു. ഡൽഹി പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് പണ്ടേ തട്ടിപ്പുകാരുണ്ട്. മൊബൈല്‍ യുഗത്തില്‍ അവര്‍ പുതിയ രീതികളുമായി വരികയാണ്. അത്തരത്തിലുള്ള പുതിയ ഫോണ്‍ തട്ടിപ്പ് കൂടി ഇറങ്ങിയതായി വാര്‍ത്തകള്‍ വരുന്നു. കൂടുതൽ പേര്‍ അകപ്പെടും മുമ്പ് ഇതിനെതിരേയുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. സുഹൃത്തുക്കളുടെ രണ്ടാം റിക്വസ്റ്റ് വരുമ്പോള്‍ കരുതിയിരിക്കുക. പണം കൊടുക്കും മുമ്പ് അയാളുമായി നേരിട്ടു ബന്ധപ്പെടുക. ഫെയ്ക്ക് ഐഡിക്കെതിരേ കൂട്ടമായി റിപ്പോര്‍ട്ടു ചെയ്യുക. ഇതേ ഇതിൽ നിന്ന് രക്ഷപ്പെടാൻ വഴിയുള്ളൂ.
ടെലികോം ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പേരിലാണ് മറ്റൊരു പുതിയ തട്ടിപ്പ്. ഇത് ടെലികോം ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നാണ്, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉടനെ വിച്ഛേദിക്കും എന്ന ഹിന്ദിയിലുള്ള ഭീഷണിയാണ് കോള്‍ എടുത്താല്‍ കേള്‍ക്കാനാവുക. കൂടുതൽ വിവരങ്ങള്‍ക്കായി ഒരു നമ്പര്‍ അമര്‍ത്താനും പറയും. ആ നമ്പര്‍ അമര്‍ത്തുന്നതോടെ ഉപഭോക്താവിന്‍റെ നമ്പര്‍ ബ്ലോക്കാവും. നമ്പറിന്‍റെ ഉടമയുടെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ടും മറ്റും ദുരുപയോഗപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
ഇതിനെതിരേ ട്രായ് തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടെലികോം അതോറിറ്റി ആരുടേയും ഫോണ്‍നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും അതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് അറിയിപ്പ്. ആധാര്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ തട്ടിയെടുക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നതായി ട്രായ്‍യുടെ മുന്നറിയിപ്പുണ്ട്. ഈ തട്ടിപ്പിനെതിരേയുള്ള നടപടികള്‍ക്കായി അതോറിറ്റി മൊബൈൽ സേവനദാതാക്കളോട് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.
ട്രായ് അറിയിപ്പിന്‍റെ പ്രധാന ഭാഗം ഇങ്ങനെ:
‘ TRAI-യുടെ ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻ (TCCCPR) 2018 പ്രകാരം, ആവശ്യപ്പെടാത്ത ആശയവിനിമയങ്ങൾ അയയ്‌ക്കുന്ന മൊബൈൽ നമ്പറുകൾക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ആക്‌സസ് സേവന ദാതാക്കൾ ബാധ്യസ്ഥരാണ്. ബാധിതരായ വ്യക്തികൾക്ക് ബന്ധപ്പെട്ട സേവന ദാതാക്കളുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവന കേന്ദ്രത്തിൻ്റെ നമ്പറുകളിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in-ലോ നേരിട്ടോ ബന്ധപ്പെടുകയോ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930-ൽ വിളിക്കുകയോ ചെയ്യാം.’
കരുതിയിരുന്നാല്‍ നമുക്ക് നല്ലത്. ഇല്ലെങ്കില്‍ പണം നഷ്ടമാകുമെന്ന് മാത്രമല്ല, നിയമക്കുരുക്കിലും പെടാനുള്ള സാദ്ധ്യത ധാരാളമുണ്ട്.