Prathivaram
മോബോക്രസി
രാജ്യത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അയാളെ വല്ലാതെ ഭീതിപ്പെടുത്തി
അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. പതിവ് പോലെ രാവിലത്തെ പത്രവായനക്ക് ശേഷം അയാൾ ടൗണിലേക്കിറങ്ങി.
രാജ്യത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അയാളെ വല്ലാതെ ഭീതിപ്പെടുത്തി. ആൾക്കൂട്ട കൊലപാതകം, ഗോവധത്തിന്റെ പേരിൽ നടക്കുന്ന അക്രമം, കലാകാരന്മാർ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി പത്രത്തിൽ കണ്ട വാർത്തകളെ കുറിച്ചാലോചിച്ച് അയാൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള പോക്കറ്റ് റോഡിലൂടെ നടന്നു.
കുറച്ച് ദൂരത്തായി തടിച്ചുകൂടിയ ആൾക്കൂട്ടത്തെ കണ്ടയാൾ അവർക്കടുത്തേക്ക് നീങ്ങി. അവർക്ക് നടുവിലൊരാൾ അക്രമിക്കപ്പെടുന്നു. അക്രമിയുടെ മുഖത്തെ ദയനീയ ഭാവം കണ്ട് അയാളിൽ സാഹോദര്യ ബോധം ഉണർന്നു.
പശിയടക്കാൻ വീട്ടിലൊന്നുമില്ലാതിരുന്നപ്പോൾ, ഭാര്യയും മക്കളും പട്ടിണി കിടക്കുന്നത് കാണാൻ കഴിയാതെ വന്നപ്പോൾ അടുത്ത കടയിൽ നിന്ന് കുറച്ച് അരിയും ഉപ്പും മോഷ്ടിച്ചതിനാണ് അവർ അയാളെ അക്രമിക്കുന്നതെന്നറിഞ്ഞിട്ടും സഹതാപം തോന്നിക്കൊണ്ടാണ് അയാൾക്ക് വേണ്ടി വാദിച്ചത്.
“ഇവനും കള്ളനാണ് ‘ കൂട്ടത്തിൽ നിന്നാരോ പറഞ്ഞു തീർന്നതും ജനക്കൂട്ടം അയാളെയും മർദിച്ചു. ആകെ അവശനായി പകുതി ജീവനോടെ റോഡ് സൈഡിൽ ഉപേക്ഷിച്ച് ജനക്കൂട്ടം പോയി.
ഒടുവിൽ പോലീസെത്തി തൂക്കിയെടുത്ത് ജീപ്പിലേക്കെറിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രണ്ടുപേർക്കെതിരെയും ഒരു കേസ് ഫയൽ ചെയ്തു.